ബ്ലാസ്റ്റേഴ്സിന്റെ കൈപിടിക്കാന്‍ ഊരിലെ കുരുന്നുകൾ കൊച്ചിയിൽ

കലൂർ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച്ച ഒക്ടോബര്‍ 28ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എല്‍ ) മത്സരത്തില്‍ ഫുട്ബോള്‍ താരങ്ങളെ ഗ്രൗണ്ടിലേക്കു കൈപിടിച്ച് ആനയിക്കാന്‍ ഊരിലെ കുരുന്നു കായികതാരങ്ങള്‍ കൊച്ചിയിലെത്തി. കാസര്‍ഗോഡ് കരിന്തലം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളിലെ  22 ട്രൈബല്‍ വിദ്യാര്‍ത്ഥികളാണു  കേരള ബ്ലാസ്‌റ്റേഴ്സ് – മുംബൈ സിറ്റി  മത്സരത്തില്‍ താരങ്ങളെ ഗ്രൗണ്ടിലേക്ക് ആനയിക്കുക.

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെത്തിയ കുട്ടികളെ സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കൂടിയായ പി.വി ശ്രീനിജിന്‍ എം.എല്‍.എ പൂക്കളും മധുരവും നല്‍കി സ്വീകരിച്ചു.  

ട്രൈബല്‍ വകുപ്പിന്റെയും ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെയും ശ്രമഫലമായാണു വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസരം കൈവന്നിരിക്കുന്നത്. ഇതുവരെ ടെലിവിഷന്‍ സ്‌ക്രീനിലൂടെ മാത്രം കണ്ടിരുന്ന താരങ്ങളെ നേരില്‍ കാണാനുള്ള ആവേശത്തിലാണു കുട്ടികൾ. ഭാവിയില്‍ അറിയപ്പെടുന്ന കായിക താരങ്ങളായി വളരുകയാണു തങ്ങളുടെ ലക്ഷ്യമെന്നു വിദ്യാര്‍ത്ഥികള്‍ പി.വി ശ്രീനിജിൻ എം.എല്‍.എയോട് പറഞ്ഞു. 

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂള്‍ ഡയറക്ടറുമായ കെ.വി ധനേഷിന്റെ നേതൃത്വത്തിലാണു കുട്ടികൾ എത്തിയത്. വിവിധ ആദിവാസി ഊരുകളില്‍ നിന്നുള്ള കായിക വിദ്യാര്‍ത്ഥികളാണ് ഇവര്‍. എറണാകുളം ട്രൈബല്‍ ഹോസ്റ്റലിലാണു കുട്ടികള്‍ താമസിക്കുന്നത്. ഇവര്‍ക്ക് കൊച്ചിയെ അടുത്തറിയാനും ആസ്വദിക്കാനുമുള്ള സൗകര്യം കൂടി അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. 

ഈ കുട്ടികള്‍ക്ക പുറമെ സംസ്ഥാനത്തെ വിവിധ ഗവ. റസിഡന്‍ഷ്യന്‍ സ്‌പോര്‍ട്സ് സ്‌കൂളുകളില്‍ നിന്നുമുള്ള 100 വിദ്യാര്‍ത്ഥികള്‍ക്കും വെള്ളിയാഴ്ച നടക്കുന്ന മത്സരം കാണാനുള്ള അവസരവും ക്രമീകരിച്ചിട്ടുണ്ട്. 

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സിമി ആന്റണി, ആലുവ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആര്‍. അനൂപ്, മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലെ ഉദ്യോഗസ്ഥനായ കെ.എം. മുനീര്‍ തുടങ്ങിയവരും വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →