അടൂർ: ”ജീവിതത്തിന്റെ അവസാന പാദത്തിൽ നിൽക്കുന്ന ഒരു വ്യക്തിയുടെ അപേക്ഷയായി കണക്കാക്കണം. ഇനി ഒരു പക്ഷേ ഞാൻ അടുത്ത പരാതി നൽകി അങ്ങയെ ബുദ്ധിമുട്ടിക്കില്ല. അങ്ങയുടെ ഒഴിവുകഴിവുള്ള മറുപടികൾ എന്റെ ജീവിതം അവസാനിപ്പിക്കാനുള്ള സമ്മതമായി കണക്കാക്കുന്നു.- സസ്‌നേഹം അനസ് എ.അസീസ്, അജി ഭവനം, നെടുമൺ, ഏഴംകുളം അടൂർ.”
മുഖ്യമന്ത്രി പിണറായി വിജയന് 26.8.2022-ൽ അനസ് എന്ന യുവ സംരംഭകൻ അയച്ച കത്തിന്റെ അവസാന ഭാഗമാണിത്. വ്യവസായ സൗഹൃദ അന്തരീക്ഷം കേരളത്തിലുണ്ടെന്ന് കേട്ടറിഞ്ഞ് വിദേശത്തുണ്ടായിരുന്ന ജോലിയും ഉപേക്ഷിച്ച് നാട്ടിലെത്തിയ അനസ് എ.അസീസി(42)ന്റെ ഈ വാക്കുകളിൽ എല്ലാം നഷ്ടപ്പെട്ട് പരാജയത്തിന്റെ കയ്പുള്ള ഓർമകളാണുള്ളതെന്ന് വ്യക്തം.
സൗദിയിൽ പോയി സമ്പാദിച്ചതും ഒന്നരക്കോടി ബാങ്ക് വായ്പ എടുത്തതുംകൂടി നാലുകോടി മുടക്കി അനസ് മൂന്ന് സുഹൃത്തുക്കളെ കൂട്ടുപിടിച്ചാണ് മൂന്നാർ ദേവികുളം ആനവിരട്ടി വില്ലേജിൽ പള്ളിവാസൽ പഞ്ചായത്തിലെ കല്ലാറിൽ സ്ഥലം വാങ്ങി റിസോർട്ടിന് പദ്ധതിയിട്ടത്. ഇന്ന് പദ്ധതിക്കായി നിർമിച്ച കെട്ടിടം കാടുകയറി നാശത്തിന്റെ വക്കിലാണ്. കൂടാതെ ബാങ്കിന്റെ വക ജപ്തിനടപടികളും നേരിടുന്നു. 2016-ലാണ് 78 സെന്റ് സ്ഥലം വാങ്ങി റിസോർട്ട് നിർമിക്കാൻ പദ്ധതിയിട്ടത്. എല്ലാ ഔദ്യോഗിക രേഖകളും നിയമപരമായി ലഭിച്ചു. കെട്ടിടം 80 ശതമാനം പൂർത്തിയായപ്പോൾ 2018-ൽ പെട്ടെന്ന് ഒരുദിവസം നിരാക്ഷേപ സാക്ഷ്യപത്രം ഇല്ല എന്ന പേരിൽ പള്ളിവാസൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകി.
പ്രതിസന്ധി തരണംചെയ്യാൻ രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥരേയും നിരവധിതവണ നേരിൽകണ്ടു. ഒടുവിൽ സ്റ്റോപ്പ് മെമ്മോ നൽകിയതിനെതിരേ അനസും സുഹൃത്തുക്കളും ഹൈക്കോടതിയിൽ ഹർജി നൽകി. കോടതി പഞ്ചായത്തിനോട് വിശദീകരണം തേടി. കെട്ടിട നിർമാണ ചട്ടങ്ങളിൽ പറയുന്ന രേഖകൾ എല്ലാം പരിശോധിച്ച് ബോധ്യപ്പെട്ടശേഷമാണ് പള്ളിവാസൽ പഞ്ചായത്ത് കെട്ടിടനിർമാണ അനുമതി നൽകിയത്. മറ്റ് രേഖകളും ഹാജരാക്കിയിരുന്നു. നിർമാണാനുമതി അനുവദിച്ച സമയത്ത് കളക്ടറുടെ നിരാക്ഷേപ സാക്ഷ്യപത്ര നിബന്ധന പുറപ്പെടുവിച്ചിരുന്നില്ല.
അതിനാൽ നിർമാണ അനുമതി നൽകിയതിൽ വീഴ്ചയില്ലെന്ന് പള്ളിവാസൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി 2018 ഡിസംബറിൽ കോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു. ജില്ലാ കളക്ടറുടെ നിരാക്ഷേപ സാക്ഷ്യപത്രം നിർബന്ധമാക്കി ദേവികുളം ആർ.ഡി.ഒ. 2018 ഏപ്രിൽ ഏഴിന് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിർമാണാനുമതി റദ്ദുചെയ്തതെന്നുംകൂടി സെക്രട്ടറി കോടതിയെ അറിയിച്ചു. പിന്നെ ഒന്നും സംഭവിച്ചില്ല.
മുഖ്യമന്ത്രിക്ക് ആദ്യം പരാതി നൽകിയതിന് മറുപടിയായി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞകാര്യങ്ങൾ തന്നെയാണ് ലഭിച്ചതെന്നും അനസ് വ്യക്തമാക്കുന്നു

