ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും
വിനോദ സഞ്ചാര മേഖലയിൽ കൊച്ചിയുടെ മാറ്റ് കൂട്ടുന്ന ചാംപ്യൻസ് ബോട്ട് ലീഗിന് (സി.ബി.എൽ) മണിക്കൂറുകൾ മാത്രം. നഗരത്തെ വളളംകളിയുടെ ആവേശത്തിലേക്കുയർത്തുന്ന ജലരാജാക്കന്മാരായ ചുണ്ടന്മാരും പോരാട്ടവീര്യത്തിന്റെ കഥകളുമായി ഇരുട്ടുകുത്തി വള്ളങ്ങളും കൊച്ചി കായലിൽ എത്തി. സ്റ്റേജും പവലിയനുകളും ഉൾപ്പടെയുള്ള അവസാനഘട്ട ഒരുക്കങ്ങളും പൂർത്തിയായി. ഇനി അറിയാനുള്ളത് കൊച്ചിക്കായലിന്റെ രാജാവ് ആരെന്ന് മാത്രം. മത്സരത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച (ഒക്ടോബർ 8) കഴിഞ്ഞ് രണ്ടിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ക്രിക്കറ്റ് മത്സരങ്ങളുടെ മാതൃകയിൽ നടത്തുന്ന സി.ബി.എല്ലിന്റെ രണ്ടാം സീസണിലെ അഞ്ചാം മത്സരമാണ് എറണാകുളം മറൈൻഡ്രൈവിൽ അരങ്ങേറുന്നത്. സി.ബി.എല്ലിന്റെ ഭാഗമായ ചുണ്ടൻ വളളങ്ങളുടെ മത്സരത്തിനൊപ്പം പ്രാദേശിക വള്ളംകളിയും നാവികസേനയുടെ അഭ്യാസ പ്രകടനങ്ങളും ചേർത്ത് അക്ഷരാർത്ഥത്തിൽ കൊച്ചി കായലിലെ ജലോത്സവമാക്കി മാറ്റാനാണ് അധികൃതരുടെ ലക്ഷ്യം.
വെളളി, ശനി ദിവസങ്ങളിലായാണ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ഒൻപത് ചുണ്ടൻ വളളങ്ങളും ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളും നഗരത്തിലെത്തിയത്. മറൈൻഡ്രൈവിനടുത്തുള്ള അബാദ് ഫ്ലാറ്റിന് സമീപത്തെ ഫിഷറീസ് ഓഫീസിന് മുൻപിൽ നിന്ന് ആരംഭിക്കുന്ന മത്സരത്തിന്റെ ഫിനിഷിംഗ് പോയിന്റ് രണ്ടാം മഴവിൽ പാലത്തിന് സമീപത്താണ്. ഈ ഭാഗങ്ങളിൽ ടീമംഗങ്ങൾ സന്ദർശനം നടത്തിയിരുന്നു. ഒരു കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് ട്രാക്കുകളാണ് ഒരുക്കിയിട്ടുള്ളത്.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടരയോടെ നാവിക സേനയുടെ ബാന്റ് മേളത്തിന്റെയും കായലിൽ അണിനിരക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ മാസ് ഡ്രില്ലിന്റെയും അകമ്പടിയോടെ മത്സരത്തിന് തുടക്കം കുറിക്കും. വാട്ടർ സ്കീയിങ്ങ് പോലുള്ള അഭ്യാസ മുറകളാണ് നാവിക സേന ഒരുക്കിയിട്ടുള്ളത്. തുടർന്നാണ് ചുണ്ടൻ വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും ഹീറ്റ്സുകളും ഫൈനലുകളും നടക്കുക. മത്സരത്തിന്റെ ഇടവേളകളിൽ അഭ്യാസ പ്രകടനങ്ങളും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) സംഘടിപ്പിക്കുന്ന 75 കലാകാരന്മാർ അണിനിരക്കുന്ന സാംസ്കാരിക പരിപാടികളും അവതരിപ്പിക്കും.
സി.ബി.എല്ലിന്റെ ക്രമാസമാധാന പാലനം, സുരക്ഷ ചുമതല എന്നിവ പൊലീസും അഗ്നിരക്ഷാസേനയും ഏകോപിപ്പിച്ചാണ് നിർവഹിക്കുന്നത്. സുരക്ഷയ്ക്കായി സ്പീഡ് ബോട്ടുകളെയും റബർ ബോട്ടുകളെയും പ്രത്യേക ടാസ്ക് ഫോഴ്സിനെയും വിന്യസിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ നാവിക സേനയും സഹായം നൽകാമെന്ന് ഏറ്റിട്ടുണ്ട്. വൈദ്യ സഹായത്തിനായി ആരോഗ്യ വകുപ്പ് ഐ.സി.യു ആംബുലൻസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി എറണാകുളം ജനറൽ ആശുപത്രിയിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഹൈബി ഈഡൻ എം.പി, കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ, എം.എൽ.എമാരായ ടി ജെ വിനോദ്, കെ.ജെ മാക്സി, എൻ. ഉണ്ണികൃഷ്ണൻ, ഉമ തോമസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മറ്റു ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
ഈ വർഷത്തെ നെഹ്റു ട്രോഫി ജേതാക്കളായ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ, നടുഭാഗം ചുണ്ടൻ, വീയപുരം ചുണ്ടൻ, ചമ്പക്കുളം ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ, ആയാപറമ്പ് പാണ്ടി ചുണ്ടൻ, സെന്റ് പയസ് ടെൻത് ചുണ്ടൻ, ദേവാസ് ചുണ്ടൻ, പായിപ്പാട് ചുണ്ടൻ എന്നിവയാണ് സി.ബി.എല്ലിലെ മത്സരാർത്ഥികൾ. ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളായ പുത്തൻ പറമ്പൻ, പൊഞ്ഞനത്തമ്മ, സെന്റ് സെബാസ്റ്റ്യൻ നമ്പർ 1, താണിയൻ, സെന്റ് ആന്റണി, ശരവണൻ, വലിയ പണ്ഡിതൻ, തിരുത്തിപ്പുറം, ഹനുമാൻ നമ്പർ 1 എന്നിവയാണ് പ്രാദേശിക വള്ളംകളി മത്സരത്തിൽ മാറ്റുരക്കുന്നത്.

