നൂറു പ്രകാശവർഷമകലെയുള്ള ഗാലക്സിയെ ടെലസ്‌കോപ്പ് വഴി നിരീക്ഷിക്കുന്ന കാര്യം സങ്കൽപ്പിക്കുക. ഗാലക്സിയിൽ നിന്ന് പ്രകാശം ഇവിടെയെത്താൻ നൂറുവർഷം വേണം. അതിനാൽ, കാണുന്നത് നൂറുവർഷം മുമ്പുള്ള ഗാലക്സി ആണ്. ടെലസ്‌കോപ്പിലൂടെ നമ്മൾ യഥാർഥത്തിൽ പോയകാലത്തേക്ക് നോക്കുയാണെന്ന് സാരം!
ഇതിന് സമാന്തരമായ ഒരു സംഗതി ജനിതകശാസ്ത്രത്തിൽ അരങ്ങേറുകയാണിപ്പോൾ. ഡിഎൻഎയിൽ നോക്കി മനുഷ്യന്റെ പൂർവികചരിത്രം ചികഞ്ഞെടുക്കുക. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ശരിക്കുമൊരു ‘പ്രാചീന ഡിഎൻഎ വിപ്ലവത്തി’ന് തന്നെ സാക്ഷ്യം വഹിക്കുകയാണ് ശാസ്ത്രലോകം.ആ ‘വിപ്ലവ’ത്തിന് നേതൃത്വം നൽകിയ സ്വീഡിഷ് വംശജനായ ജർമൻ ഗവേഷകൻ സ്വാന്റെ പേബോ (Svante Paabo) യ്ക്കാണ് 2022 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചത്.
മനുഷ്യന്റെ പൂർണജനിതകസാരം അഥവാ ജിനോം കണ്ടെത്തിയത് 2001 ലാണ്. മുന്നൂറുകോടിയിലേറെ രാസാക്ഷരങ്ങൾ അടങ്ങിയ മനുഷ്യ ഡിഎൻഎ ഏതാണ്ട് പൂർണമായി വായിച്ചെടുക്കാൻ ശാസ്ത്രത്തിന് കഴിഞ്ഞു. തുടർന്ന് ജിനോം സാങ്കേതികവിദ്യകളുടെ കാര്യത്തിലുണ്ടായ കുതിച്ചുചാട്ടമാണ് പ്രാചീന ഡിഎൻഎ വിപ്ലവത്തിന് പശ്ചാത്തലമൊരുക്കിയത്.
ഫോസിലുകളും വ്യക്തതയില്ലാത്ത ജനിതക തെളിവുകളുമാണ് സമീപകാലം വരെ മനുഷ്യന്റെ പ്രാചീന കുടിയേറ്റചരിത്രവും മറ്റും മനസിലാക്കാൻ സഹായിച്ചിരുന്നത്. എന്നാൽ, ഫോസിലുകളിലും മറ്റുമുള്ള പ്രാചീന ഡിഎൻഎ തുണ്ടുകളിൽ നിന്ന് ജിനോം വിവരങ്ങൾ പൂർണതോതിൽ മനസിലാക്കാമെന്ന് വന്നതോടെ കഥ മാറി. മനുഷ്യന്റെ പ്രാക്ചരിത്രം (Prehistory) ആഴത്തിലും പരപ്പിലും ശാസ്ത്രത്തിന് മുന്നിൽ അനാവരണം ചെയ്യപ്പെടുകയാണ് ഇപ്പോൾ.
ഭൂമിയെന്ന ഈ ചരിത്ര നാടകവേദിയിൽ നമ്മുടെ പൂർവ്വികർ കെട്ടിയാടിയ വിചിത്രവേഷങ്ങളും, കുടിയേറ്റവും, കൂടിച്ചേരലും, നിലവിലെ ജനത രൂപമെടുക്കാൻ സഹായിച്ച, ഇപ്പോൾ അവശേഷിക്കാത്ത ‘പ്രേതജനതകളും’ (ghost population) ഒക്കെ വിശദാംശങ്ങളോടെ മനസിലാക്കാനുള്ള അവസരമാണ് ഈ മുന്നേറ്റം നൽകിയിരിക്കുന്നത്.
നിയാണ്ടെർത്തൽ മനുഷ്യന്റേത് ഉൾപ്പടെ അഞ്ച് പ്രാചീന മാനവജിനോമുകൾ പ്രസിദ്ധീകരിച്ച 2010 ലാണ് ഈ വിപ്ലവം തുടങ്ങുന്നത്. തുടർന്ന് ഡസൺ കണക്കിന് പ്രാചീന ജിനോം ഡേറ്റ ലഭ്യമായി. 2017 ഓഗസ്റ്റ് ആകുമ്പോഴേക്കും തന്റെ ലബോറട്ടറിയിൽ മാത്രം മൂവായിരത്തിലേറെ പ്രാചീന സാമ്പിളുകളിൽ നിന്ന് ‘ജിനോം-വൈഡ് ഡേറ്റ’ സൃഷ്ടിച്ചതായി, ഹാർവാഡ് മെഡിക്കൽ സ്‌കൂളിലെ ജനിതകശാസ്ത്ര പ്രൊഫസർ ഡേവിഡ് റൈഷ്‌ക് അറിയിക്കുന്നു.
പ്രാചീന ഡിഎൻഎ വിപ്ലവത്തിന് അടിത്തറയായ ടെക്നോളജികളിൽ നല്ലൊരു പങ്കും വികസിപ്പിച്ചത് ജർമനിയിൽ ലൈപ്സിഗ്ഗിലുള്ള ‘മാക്സ് പ്ലാങ്ക് ഇൻസ്റ്റിട്ട്യൂട്ട് ഫോർ ഇവല്യൂഷണറി ആന്ത്രോപ്പോളജി’യിലെ ഗവേഷകരാണ്. പാലിയോജനറ്റിക്സ് എന്ന പഠനമേഖലയുടെ സ്ഥാപകനായ സ്വാന്റെ പേബോ അതിന് നേതൃത്വം നൽകി. സഹപ്രവർത്തകരായ മത്തയാസ് മെയർ, ക്വിയാവോമീ ഫു എന്നിവർ അതിന് പൂർണ്ണത നൽകാൻ സഹായിച്ചു. ശുഷ്‌കമായ പ്രാചീന സാമ്പിളുകളിൽ നിന്നുപോലം കുറഞ്ഞ ചെലവിൽ ഡിഎൻഎ വേർതിരിച്ചെടുത്ത് വിശകലനം ചെയ്യാനുള്ള സങ്കേതം രൂപപ്പെടുത്താൻ അങ്ങനെ പേബോയ്ക്കും സംഘത്തിനും കഴിഞ്ഞു.
മുന്നൂറുകോടിയിലേറെ പടികളുള്ള ഇരട്ടപ്പിരിയൻ ഗോവണി പോലെയാണ് മനുഷ്യ ഡിഎൻഎ. ജീവന്റെ രാസനിർദ്ദേശങ്ങൾ അടങ്ങിയ ജീനുകളും, വിശാല തുറസ്സുകളായ ‘ജങ്ക് ഡിഎൻഎ ഭാഗങ്ങളും’ ഡിഎൻഎ തന്മാത്രയിലുണ്ട്. തലമുറകളിലേക്ക് ഡിഎൻഎ കോപ്പിചെയ്യപ്പെടുമ്പോൾ ചില അക്ഷരപിഴവുകൾ സംഭവിക്കും. ഇതിന് ‘മ്യൂട്ടേഷനുകൾ’ എന്നാണ് വിളിക്കുക. ആയിരം അക്ഷരങ്ങൾക്കിടയിൽ ഒന്ന് എന്ന കണക്കിനാണ് ഈ പിഴവുകൾ കാണപ്പെടുക. എന്നുവെച്ചാൽ, 300 കോടി രാസാക്ഷരങ്ങളുള്ള മനുഷ്യ ജിനോമിൽ 30 ലക്ഷം മ്യൂട്ടേനുകളുണ്ടാകും.
പ്രാചീന ഡിഎൻഎ വായിച്ചെടുക്കുന്ന വിധം -ഗ്രാഫിക്സ്
ഡിഎൻഎ യിലെ ഈ മ്യൂട്ടേഷനുകളെ റഫറൻസ് പോയന്റുകളായി പരിഗണിച്ച് വ്യത്യസ്ത ഡിഎൻഎകൾ തമ്മിൽ താരതമ്യം ചെയ്താണ് ചരിത്രം മനസിലാക്കാൻ ഗവേഷകർ ശ്രമിക്കുന്നത്. വ്യത്യസ്ത ജനതകളുടെ ജനിതക താരതമ്യം വഴി അവ തമ്മിലുള്ള ബന്ധം ആഴത്തിൽ മനസിലാക്കാൻ സഹായിക്കുന്ന ഗണിതസങ്കേതങ്ങളും ഇപ്പോഴുണ്ട്. ഗണിതശാസ്ത്രജ്ഞൻ നിക് പീറ്റേഴ്സണിന്റെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ ‘Four Population Test’ ആണ് അതിൽ പ്രധാനം.
ആർക്കിയോളജിയിലെ ആദ്യ ശാസ്ത്രവിപ്ലവം തുടങ്ങിയത് വില്ലാഡ് ലിബി എന്ന അമേരിക്കൻ രസതന്ത്രജ്ഞൻ 1949-ൽ ‘റേഡിയോകാർബൺ ഡേറ്റിങ്’ കണ്ടെത്തിയതോടെയാണ്. ഈ വിദ്യ ഉപയോഗിച്ച് പ്രാചീന ജൈവാവശിഷ്ടങ്ങളുടെ പ്രായം നിർണയിക്കാമെന്നായി. ഇപ്പോൾ, ‘പ്രാചീന ഡിഎൻഎ സങ്കേത’ങ്ങളുടെ സഹായത്തോടെ ആർക്കിയോളജിയിൽ രണ്ടാം ശാസ്ത്രവിപ്ലവമാണ് അരങ്ങേറുന്നതെന്ന്,
‘Who We are and How We Got Here’ എന്ന ഗ്രന്ഥത്തിൽ ഡേവിഡ് റൈഷ്‌ക് പറയുന്നു.
ഏറെക്കാലമായി നിലനിന്ന പല ധാരണകളും ഈ പുതിയ വിപ്ലവം വഴി ചോദ്യംചെയ്യപ്പെടുന്നു. ആർക്കിയോളജി പഠനങ്ങളെ മാത്രമല്ല, ചരിത്രം, നരവംശശാസ്ത്രം, എന്തിന് ഭാഷാശാസ്ത്രത്തെ വരെ ഇത് പുനപ്പരിശോധിക്കുന്നു. ‘ചരിത്രത്തിൽ എന്താണ് സംഭവിച്ചത്’ എന്ന കാര്യം കൂടുതൽ വ്യക്തതയോടെ മനസിലാക്കാൻ പറ്റുന്നു. വ്യത്യസ്ത ജനതകൾ തമ്മിൽ ജനിതകതലത്തിൽ എങ്ങനെയൊക്കെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് കൂടുതൽ വ്യക്തത കൈവരുന്നു. പ്രാചീന കുടിയേറ്റങ്ങളുടെ വിശദാംശങ്ങളും ഇപ്പോൾ മുമ്പത്തെക്കാളും വ്യക്തതയോടെ മനസിലാക്കാനാകും.
മനുഷ്യചരിത്രം പഠിക്കാൻ ജനിതകവിദ്യകളുടെ സഹായം തേടുന്നതിന് പുതിയ കാര്യമല്ല. കോശങ്ങളിലെ ‘മൈറ്റോകോൺഡ്രിയൽ ഡിഎൻഎ’ ആയിരുന്നു മുമ്പ് ഇക്കാര്യത്തിൽ ആശ്രയം. യു.എസിൽ ബർക്ക്ലിയിൽ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ അലൻ വിൽസൺ ആണ്, മൈറ്റോകോൺഡ്രിയൽ ഡിഎൻഎ യുടെ സഹായത്തോടെ മനുഷ്യന്റെ ഭൂതകാലം ചികയാമെന്ന് തെളിയിച്ചത്. മാതാവിന്റെ തായ്വഴിയാണ് മൈറ്റോകോൺഡ്രിയൽ ഡിഎൻഎയിൽ നിന്ന് ലഭിക്കുക. മാതാവിന്റെ തായ്വഴിയിലൂടെ പിന്നോട്ട് പോയാൽ എല്ലാവരുടെയും ചരിത്രം ആഫ്രിക്കയിലാണ് എത്തുന്നതെന്ന് വിൽസണും സഹപ്രവർത്തകരും 1987-ൽ കണ്ടെത്തി. മനുഷ്യപരിണാമത്തെയും പ്രാചീനകുടിയേറ്റത്തെയും സംബന്ധിച്ച് ആർക്കിയോളജിക്കൽ വാദങ്ങൾക്ക് ഉറപ്പുള്ള പിന്തുണ നൽകുന്നതായി ഇത്.
വിൽസന്റെ പഠനത്തിൽ ഒരുപക്ഷേ, സാധാരണക്കാരെ ഏറ്റവും ആകർഷിച്ച സംഗതി മനുഷ്യരുടെ ‘ആദിമമാതാവ്’ (Mitochondrial Eve) ആഫ്രിക്കയിൽ രണ്ടുലക്ഷം വർഷം മുമ്പ് ജീവിച്ചിരുന്നു എന്ന നിഗമനമാണ് (ഭൂമുഖത്തുള്ള മുഴുവൻ പേരുടയും ആദിമാതാവിന് ‘മൈറ്റോകോൺഡ്രിയൽ ഈവ്’ എന്ന് വിശേഷണം നൽകിയത് റോജർ ലെവിൻ എന്ന ജേർണലിസ്റ്റാണ്, സയൻസ് ജേർണലിലെ ഒരു ലേഖനത്തിൽ). ഈ പ്രയോഗം മനുഷ്യഭാവനയെ വല്ലാതെ സ്വാധീനിച്ചു. ഇന്നും സാധാരണക്കാർ മാത്രമല്ല, ശാസ്ത്രരംഗത്തുള്ളവരും ആ പ്രയോഗം നടത്താറുണ്ട്. എല്ലാ മനുഷ്യരുടെയും മുതുമുത്തശ്ശി എന്ന അർഥത്തിൽ.
ഇതുപക്ഷേ, തെറ്റിദ്ധരിപ്പിക്കുന്ന നിഗമനമാണെന്ന് പ്രാചീന ഡിഎൻഎ മുന്നേറ്റം ആരംഭിച്ച 2010 ന് ശേഷമുണ്ടായ പഠനങ്ങളിൽ തെളിയുന്നത് വൈവിധ്യമേറിയ ഒട്ടേറെ പൂർവികരുടെ കഥയാണ്, അല്ലാതെ ഒരു ആദിമാതാവിന്റെയോ ആദിപിതാവിന്റെയോ മാത്രമല്ല

