ചാംപ്യന്‍സ് ബോട്ട് ലീഗ്: മൂവാറ്റുപുഴയാറിലെ ജലരാജാവായി നടുഭാഗം ചുണ്ടന്‍

ഇരുട്ടുകുത്തി വള്ളങ്ങള്‍ അണിനിരന്ന പ്രാദേശിക മത്സരത്തില്‍ പൊഞ്ഞനത്തമ്മക്ക് കിരീടം.

ആവേശത്തിര തീര്‍ത്ത പിറവം വള്ളംകളിയില്‍ മൂവാറ്റുപുഴയാറിന്റെ ജലരാജാവായി എന്‍.സി.ഡി.സി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ വളളം. ചാംപ്യന്‍സ് ബോട്ട് ലീഗിന്റെ (സി.ബി.എല്‍) ഭാഗമായി നടന്ന മത്സരത്തില്‍ 4 മിനുട്ടും 14.48 സെക്കന്റുമെടുത്താണ് നടുഭാഗം ചുണ്ടന്‍ ജേതാക്കളായത്. ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങള്‍ മത്സരിച്ച പ്രാദേശിക വള്ളംകളിയില്‍ ആര്‍.കെ ടീം തുഴഞ്ഞ പൊഞ്ഞനത്തമ്മയാണ് കിരീടം നേടിയത്. വിജയികള്‍ക്ക് തോമസ് ചാഴിക്കാടന്‍ എം.പി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ചുണ്ടന്‍ വള്ളങ്ങളും ഇരുട്ടുകുത്തി വള്ളങ്ങളും പങ്കെടുത്ത മാസ് ഡ്രില്ലിന്റെ അകമ്പടിയോടെയായിരുന്നു പിറവം വള്ളംകളി ആരംഭിച്ചത്. ഫൈനല്‍ മത്സരത്തില്‍ നടുഭാഗം ചുണ്ടന്‍  വിജയികളായപ്പോള്‍ 4 മിനുട്ടും 14.78 സെക്കന്റുമെടുത്ത് ഫിനിഷ് ചെയ്ത പള്ളാതുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍  രണ്ടാമതെത്തി. 4 മിനുട്ട്  16.56 സെക്കന്റില്‍ ഫിനിഷ് ചെയ്ത പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് മൂന്നാമതെത്തിയത്. 

 പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍, യുണൈറ്റഡ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍, എടത്വ വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ ദേവാസ്, വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് ചുണ്ടന്‍ ചുണ്ടന്‍, കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ സെന്റ് പയസ് ടെന്‍ത് ചുണ്ടന്‍, കെ.ബി.സി എസ്.എഫ്.ബി.സി ബോട്ട് ക്ലബ് തുഴഞ്ഞ ആയാപറമ്പ് പാണ്ടി ചുണ്ടന്‍ എന്നിവയാണ് മറ്റു സ്ഥാനങ്ങളില്‍.

ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളുടെ മത്സരത്തില്‍ പൊഞ്ഞനത്തമ്മ വിജയിച്ചപ്പോള്‍ പിറവം ബോട്ട് ക്ലബ് തുഴഞ്ഞ ശരവണനാണ് രണ്ടാമതെത്തിയത്. കടവ് ബോട്ട് ക്ലബ് തുഴഞ്ഞ വലിയ പണ്ഡിതന്‍ മൂന്നാം സ്ഥാനം നേടി. ശ്രീലക്ഷ്മി ബോട്ട് ക്ലബ് തുഴഞ്ഞ സെന്റ് ആന്റണി, മുളക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ഡാനിയേല്‍, വെള്ളൂര്‍ ബോട്ട് ക്ലബ് തുഴഞ്ഞ ശ്രീ മുത്തപ്പന്‍, പ്രിയദര്‍ശിനി ബോട്ട് ക്ലബ് തുഴഞ്ഞ വെണ്ണക്കലമ്മ, പിറവം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ സെന്റ് ജോസഫ്, കക്കാട് കൈരളി ബോട്ട് ക്ലബ് തുഴഞ്ഞ പുത്തന്‍ പറമ്പന്‍ എന്നിവയാണ് അവസാന സ്ഥാനങ്ങളില്‍ എത്തിയത്.

ഒന്നാമതെത്തിയ ചുണ്ടന്‍ വള്ളത്തിനുള്ള ഇ.എം.എസ് – കെ. കരുണാകരന്‍ – ടി.എം ജേക്കബ് മെമ്മോറിയല്‍ ട്രോഫിയും ഇരുട്ടുകുത്തി വള്ളത്തിനുള്ള ഉമാദേവി അന്തര്‍ജനം ട്രോഫിയും  തോമസ് ചാഴിക്കാടന്‍ എം.പി വിതരണം ചെയ്തു. പ്രാദേശിക പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പിറവം നഗരസഭയിലെ 27 വാര്‍ഡുകളെയും 9 കരകളാക്കി തിരിച്ച് ഒന്നുവീതം ചുണ്ടന്‍ വള്ളങ്ങളെയും  ഇരുട്ടുകുത്തി വളളങ്ങളെയും കരക്കാര്‍ക്ക് പ്രതീകാത്മകമായി ഏല്‍പ്പിച്ച് നല്‍കിയിരുന്നു. ഒക്ടോബര്‍ എട്ടിന്  എറണാകുളം മറൈന്‍ഡ്രൈവിലാണ് സി.ബി.എല്ലിന്റെ അടുത്ത മത്സരം അരങ്ങേറുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →