തൃശൂർ: ഒല്ലൂരിൽ കള്ളുഷാപ്പിലുണ്ടായ വാക്കുതർക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. തൈക്കാട്ടുശേരി സ്വദേശി 41 വയസുള്ള ജോബി ആണ് മരിച്ചത്. ഒല്ലൂർ തൈക്കാട്ടുശ്ശേരിയിലെ കള്ളുഷാപ്പിൽ 2022 സെപ്തംബർ 15ന് രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം. ജോബിയെ കുത്തിയ വരന്തരപ്പിള്ളി സ്വദേശി രാഗേഷിനെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.
ജോബിയെ പ്രതി കത്തികൊണ്ട് നെഞ്ചത്തും, പുറത്തും കുത്തുകയായിരുന്നു. രക്തം വാർന്ന് കിടന്ന ഇയാളെ ആക്സ് പ്രവർത്തകരുടെ ആംബുലൻസിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഉച്ചയോടെ ജോബി മരണപ്പെടുകയായിരുന്നു. വരന്തരപ്പിള്ളി സ്വദേശിയായ പ്രതി വല്ലച്ചിറയിൽ വാടകയ്ക്ക് താമസിച്ചുവരികയാണ്. ഇയാൾ മോഷണം, വധശ്രമം ഉൾപ്പടെ അഞ്ചോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. രാഗേഷിൻറെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി

