വിദ്യാർഥിനികൾ അടക്കം “കാളകൂട ലഹരി”യിൽ

തൃശ്ശൂർ: മയക്കുമരുന്നുകളിലെ “കാളകൂട വിഷം” എംഡിഎംഎ യിൽ മയങ്ങി തൃശ്ശൂരിലെ വിദ്യാർഥികളും വിദ്യാർത്ഥിനികളും. 2022 പകുതിയായപ്പോഴേക്കും തൃശ്ശൂരിൽ നിന്ന് പോലീസ് പിടികൂടിയത് വില്പനയ്ക്ക് എത്തിച്ച ഒരു കിലോ എംഡിഎംഎ . ആർക്കും പിടികൊടുക്കാതെ യുവത്വത്തിന്റെ സിരകളിലൂടെ പാഞ്ഞത് ഇതിനേക്കാൾ 5 ഇരട്ടി ലഹരി. ഇതിനടിമപ്പെട്ട യുവതലമുറയുടെ കണക്കുകളിൽ ഞെട്ടി പോലീസും ജില്ലാ ഭരണകൂടവും.

2022 ഓഗസ്റ്റ് വരെ 38 എംഡിഎംഎ (മെത്തലിൻ ഡയോക്സിൻ മെത്താ ഫെറ്റാമിൻ) കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. വിദ്യാർത്ഥിനികൾ അടക്കമുള്ള 50 പേർക്കെതിരെ കേസെടുത്തു. വിൽപ്പനക്കാരായ ഇവരിൽ പലരും മയക്കുമരുന്നിന് അടിമകളായിരുന്നു. നിരന്തര ഉപയോഗം മൂലം നിസ്സാര കാര്യങ്ങൾക്ക് പോലും ക്ഷുഭിതരായി പൊട്ടിത്തെറിക്കുന്ന സ്വഭാവ ദൂഷ്യം ഉള്ളവരായിരുന്നു ചിലർ. പിടിയിലായവരിൽ 90% പേരും പ്ലസ് ടു, പ്രൊഫഷണൽ വിദ്യാർഥികളാണ്. എംഡിഎംഎ കേരളത്തിൽ എത്തിയിട്ട് അധികം കാലമായിട്ടില്ലെങ്കിലും തൃശൂർ കുതിക്കുന്നത് ഒന്നാം സ്ഥാനത്തേക്കാണ്. 2020 ലാണ് ജില്ലയിൽ ആദ്യത്തെ എംഡിഎംഎ കേസ് തൃശ്ശൂർ സിറ്റിയിൽ രജിസ്റ്റർ ചെയ്തത്. അന്ന് അഞ്ചു ഗ്രാം ആണ് പിടികൂടിയത്. 2021ൽ 16 കേസുകളിലായി 38 പേർ അറസ്റ്റിലായി. 23 ഗ്രാം ആണ് ആ വർഷം പിടികൂടിയത് എന്നാൽ 2022 പകുതിയായപ്പോഴേക്കും എംഡി ഒരു കിലോയോളം പിടികൂടിയത് ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിൽ 6.7 കിലോഗ്രാം പിടിച്ചെടുത്തു.

കൽക്കണ്ടം, മെത്ത്, കല്ല്, പൊടി, എമ്മ്, സ്പീഡ്, ഷാംപൂ, ബ്ലൂ, ഐസ്, ക്രിസ്റ്റൽ തുടങ്ങിയ ഓമനപ്പേരുകളിലാണ് ഈ സിന്തറ്റിക് ഡ്രഗ് വിദ്യാർത്ഥികൾക്കിടയിൽ വിലസുന്നത്. വിദ്യാർഥികൾ തന്നെ അടിമകളും വില്പനക്കാരും ആകുന്നു. മറ്റു ലഹരിപദാർത്ഥങ്ങളെ പോലെ മണമോ ചീത്ത രുചിയോ ഇല്ല. അതുകൊണ്ട് തന്നെ പെൺകുട്ടികൾ അടക്കം വലയിൽ വീഴുന്നു. ഈ പാർട്ടി ഡ്രഗ് അപൂർവമായാണ് മുൻപ് ലഭിച്ചിരുന്നത് എങ്കിൽ ഇന്ന് സുലഭമാണ്. വൻതോതിൽ ആണ് ഇത് സംസ്ഥാനത്തേക്ക് എത്തിപ്പെടുന്നത്. ഗ്രാമിന് 4000 മുതൽ 15,000 രൂപ വരെ വിലയിടുന്നു. ഒരു തവണ ഉപയോഗിച്ചാൽ അടിമകളാകും എന്നതാണ് ഏറ്റവും വലിയ ഭീഷണി. അതുകൊണ്ടുതന്നെ എന്തു വില കൊടുത്തും തയ്യാറാകും.

പല്ല് പൊടിയുക, ഉറക്കമില്ലായ്മ മുതൽ തലച്ചോറിനെയും നട്ടെല്ലിനെയും അടക്കം ഗുരുതരമായി ബാധിക്കുന്ന രോഗങ്ങൾ എംഡിഎംഎ യുടെ നിരന്തര ഉപയോഗം മൂലം ഉണ്ടാകും. മറ്റു സംസ്ഥാനങ്ങളിൽ നിന്നും, വിദേശത്തുനിന്നും ആണ് എംഡിഎംഎ കേരളത്തിലെത്തിയിരുന്നത്. ഇപ്പോൾ സംസ്ഥാനത്തിനകത്തും ഉൽപാദനം തുടങ്ങിയതായാണ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →