പാലക്കാട്: മുണ്ടൂര്‍ നൊച്ചുപുളളിയിൽ കൃഷി നടത്താത്ത പാടത്ത് കാട്ടുപന്നിക്ക് വച്ച വൈദ്യുതി കെണിയില്‍പ്പെട്ട് കാട്ടാന ചരിഞ്ഞു.14/09/22 ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ നാട്ടുകാരാണ് കാട്ടന പാടത്ത് ചരിഞ്ഞ നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കാട്ടുപന്നിയെ പിടിക്കാന്‍ പാടത്ത് സ്ഥാപിച്ച വൈദ്യുതി കെണിയില്‍ നിന്നുള്ള ഷോക്കേറ്റാണ് കാട്ടാന ചരിഞ്ഞതെന്ന് വ്യക്തമായതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഈ പാടത്ത് മൂന്നോളം കാട്ടാനകള്‍ എല്ലാ ദിവസം എത്താറുണ്ടായിരുന്നെന്ന് നാട്ടുകാരും പറയുന്നു.
ഇതേ തുടര്‍ന്ന് വൈകീട്ട് ഏഴ് മണി കഴിഞ്ഞാല്‍ പ്രദേശവാസികള്‍ പുറത്തിറങ്ങാറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വനം വകുപ്പിന്റെ പരിശോധനയില്‍ പ്രദേശത്ത് ഏതാണ്ട് അഞ്ചൂറ് മീറ്ററോളം നീളത്തില്‍ വൈദ്യുതി കമ്പി വലിച്ച് ത്രീഫേയ്സ് കണക്ഷന്‍ കൊടുത്തിരുന്നതായി തെളിഞ്ഞെന്ന് സെക്കന്റ് ഫോറസ്റ്റ് ഓഫീസര്‍ കെ സന്തോഷ് കുമാര്‍ പറഞ്ഞു.