കുത്തബ് മീനാറിനേക്കാള്‍ ഉയരമുള്ള നോയിഡയിലെ ഇരട്ട ടവറുകള്‍ 28/08/2022 ഞായറാഴ്ച തകര്‍ക്കും

നോയിഡ: നോയിഡയിലെ ഇരട്ട ടവറുകള്‍ 28/08/2022 ഞായറാഴ്ച നിലം തൊടും. ഇവ തകര്‍ക്കാന്‍ 10 സെക്കന്‍ഡ് മതിയാകുമെന്നാണ് വിദഗ്ധര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കുത്തബ് മീനാറിനേക്കാള്‍ ഉയരമുള്ള ടവറുകള്‍ സെക്ടര്‍ 93 എയിലാണ് സ്ഥിതിചെയ്യുന്നത്. ഒന്‍പത് വര്‍ഷം നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് ഇവ തകര്‍ക്കാനുള്ള ഉത്തരവുണ്ടായത്. 40 നിലകളിലായി 100 മീറ്റര്‍ ഉയരമുണ്ട് ഇരട്ട ടവറുകള്‍ക്ക്. ഇവയില്‍ 900 ഫല്‍റ്റുകളാണ് തയാറാക്കിയത്. ഇവയില്‍ മൂന്നില്‍ രണ്ടും വിറ്റുതീര്‍ന്നപ്പോഴാണു കോടതിയില്‍ നിന്നു പ്രതികൂല വിധിയുണ്ടായത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ടവറുകള്‍ പൊളിക്കാനുള്ള അന്തിമ വിധിയുണ്ടായത്. സാങ്കേതിക കാരണങ്ങളുടെയും സുരക്ഷാ പ്രശ്നങ്ങളുടെയും പേരില്‍ തുടര്‍നടപടി വൈകുകയായിരുന്നു. വിദേശത്ത് കെട്ടിടങ്ങള്‍ പൊളിച്ചു പരിചയമുള്ള സ്ഥാപനം ഒടുവില്‍ പൊളിക്കല്‍ കരാര്‍ ഏറ്റെടുക്കുകയായിരുന്നു.

7,000 പേരാണ് ടവറുകളില്‍ താമസിച്ചിരുന്നത്. ഇവര്‍ക്കൊപ്പം 250 വളര്‍ത്തുമൃഗങ്ങളും. 2,500 കാറുകള്‍ക്കുള്ള പാര്‍ക്കിങ് സ്ഥലവും ഉണ്ടായിരുന്നു. ഫല്‍റ്റുടമകളില്‍ നിന്നു വാങ്ങിയ പണം നിര്‍മാതാക്കള്‍ തിരിച്ചുനല്‍കണമെന്നു കോടതി ഉത്തരവിട്ടിട്ടുണ്ട്. 3,700 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണു ടവറുകള്‍ തകര്‍ക്കുന്നത്. ഇതിനായി കെട്ടിടത്തില്‍ 20,000 ഇടങ്ങളിലാണ് സ്ഫോടക വസ്തുക്കള്‍ നിറച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30 ക്ക് വെള്ളം ഒഴുകുന്നത് പോലെ കെട്ടിടം നിലംതൊടുമെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. പ്രദേശത്ത് റിക്ടര്‍ സ്‌കെയിലില്‍ നാല് രേഖപ്പെടുത്തുന്ന ഭൂചലനത്തിനു സമാനമായ അവസ്ഥയുണ്ടാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →