ചെല്ലാനം മാതൃക മത്സ്യഗ്രാമം- പദ്ധതി രേഖ സർക്കാരിന് സമർപ്പിച്ചു

941 കോടി രൂപ ചെലവ്, മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കും

191 കോടി രൂപ ഖരമാലിന്യ നിർമാർജനത്തിന്; ചെല്ലാനത്ത് കോളേജും വി.എച്ച്.എസ്.സി സ്കൂളും സ്ഥാപിക്കാൻ നിർദ്ദേശം

കൊച്ചി – കടൽ ക്ഷോഭം മൂലം ജനജീവിതം ദുസഹമായ ചെല്ലാനത്തെ പരിസ്ഥിതി സൌഹൃദമായ മാതൃക മത്സ്യഗ്രാമമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ചെല്ലാനം പുനരുദ്ധാരണ പദ്ധതിയുടെ അന്തിമ പദ്ധതി രേഖ സർക്കാരിന് സമർപ്പിച്ചു. കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയും (കുഫോസ്) കേരള സ്റ്റേറ്റ് കോസ്റ്റൽ ഡെവലപ്പ്മെൻറ് കോർപറേഷനും ( കെ.എസ്.സി.എ.ഡി.സി) സംയുക്തമായാണ് പദ്ധതിരേഖ തയ്യാറാക്കിയത്. 941 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് പദ്ധതിയിലുള്ളത്. രണ്ടു മുതൽ മൂന്ന് വർഷത്തിനുള്ളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാകും. കുഫോസിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി.രാജീവിന്റെയും ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാന്റെയും സാന്നിധ്യത്തിൽ  കെ.എസ്.സി.എ.ഡി.സി മാനേജിങ്ങ് ഡയറക്ടർ ഷേക്ക് പരീതും കുഫോസ് വൈസ് ചാൻസലർ കെ.റിജി ജോണും കെ സംയുക്തമായി അന്തിമറിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. സർക്കാരിന് വേണ്ടി ഫിഷറീസ് ഡയറക്ടർ ഡോ.അദീല അബ്ദുള്ള പദ്ധതി രേഖ ഏറ്റുവാങ്ങി. കെ.ജെ.മാക്സി എം.എൽ.എ, പള്ളൂരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബേബി തമ്പി, ചെല്ലാനം പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ.ജോസഫ്,കുഫോസ് രജിസ്ട്രാർ ഡോ.ബി.മനോജ് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ചെല്ലാനം തീരപ്രദേശത്ത് മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ  പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണന്നും ഇപ്പോൾ ശക്തമായ കാലവർഷത്തിനിടയിലും കടൽക്ഷോഭത്തെ പേടിക്കാതെ ചെല്ലാനത്ത് ജീവിക്കാം എന്ന നിലയിലായിട്ടുണ്ടെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാന സർക്കാരിൻറെ ഇച്ഛാശക്തിയുടെ പ്രതിഫലനം ആണിത്. സംസ്ഥാനത്തെ പരിസ്ഥിതി ലോല തീരദേശങ്ങളുടെ പുനനിർമ്മാണ പ്രവർത്തനങ്ങൾക്കായി 5400 കോടി രൂപയുടെ പദ്ധതികളാണ്  സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നത്. ചെല്ലാനം മാതൃക മത്സ്യഗ്രാമം പദ്ധതി ഇതിൻറെ പൈലറ്റ് പദ്ധതിയാണെന്നും മന്ത്രി രാജീവ് പറഞ്ഞു. ഫിഷറീസ് മന്ത്രി വി. വി.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.

കെ.എസ്.സി.എ.ഡി.സി മാനേജിങ്ങ് ഡയറക്ടർ ഷേക്ക് പരീത് പദ്ധിതി രേഖയുടെ സംക്ഷിപ്ത രൂപം അവതരിപ്പിച്ചു.  941.72 കോടി രൂപ എസ്റ്റിമേറ്റ് കണക്കാക്കുന്ന പദ്ധതിയിൽ പുതിയതായി കണ്ടെത്തേടത് 421.55 കോടി രൂപയാണെന്ന് ഷേക്ക് പരീത് വ്യക്തമാക്കി. 520.17 കോടി രൂപ ചെല്ലാനം പുനർനിർമാണത്തിനായി വിവിധ വകുപ്പുകൾക്ക് സർക്കാർ ഇതിനകം അനുവദിച്ചിട്ടുള്ളതും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതും ആണ്. കടൽക്ഷോഭം ഉൾപ്പടെയുള്ള പരിസ്ഥിതി ആഘാതങ്ങൾ തടയുക എന്നത് മാത്രമല്ല, ,ചെല്ലാനം തീരദേശത്തിൻറെ സമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ സമഗ്രവികസനം ലക്ഷ്യം വയ്ക്കുന്നതാണ് പദ്ധതിരേഖയെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ.കെ.റിജി ജോൺ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →