വടശേരിക്കര ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ (എംആര്‍എസ്) പഠന, പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി സ്‌കൂള്‍ തലത്തില്‍ നിരീക്ഷണ സമിതി രൂപീകരിച്ച് എല്ലാ മാസവും അവലോകനം നടത്താന്‍ തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
വിദ്യാര്‍ഥികളുടെ സമഗ്ര വികസനത്തിന് ആവശ്യമായ എല്ലാ സേവനങ്ങളും സ്‌കൂളില്‍ നിന്ന് നല്‍കാന്‍ സാധിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സ്വഭാവ രൂപീകരണത്തിനൊപ്പം സമൂഹത്തിന് പ്രയോജനം നല്‍കുന്നവരായി മാറാന്‍ സ്‌കൂള്‍ തലം മുതല്‍ കുട്ടികള്‍ക്ക് സാധിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും കളക്ടര്‍ പറഞ്ഞു. വെള്ളപ്പൊക്കം മൂലം ഈ സ്‌കൂളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇറിഗേഷന് വകുപ്പ് നടത്തുന്ന പ്രവര്‍ത്തനം തൃപ്തികരമാണെന്നും യോഗം വിലയിരുത്തി.
കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ ഫലം വിലയിരുത്തിയ യോഗം പഠനനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നുതിന് നിര്‍ദേശിച്ചു. സ്‌കൂളിലേക്ക് സംഗീത അദ്ധ്യാപകനെയും യോഗയ്ക്കും തായ്ക്കോണ്ടയ്ക്കും പരിശീലകനെയും നിയമിക്കാന്‍ യോഗത്തില്‍ തീരുമാനമായി. എഡിഎം ബി. രാധകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യൂ, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ എസ്.എസ് സുധീര്‍, അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ ജിജി തോമസ്, എംആര്‍എസ് പ്രിന്‍സിപ്പല്‍ ജി. സുന്ദരേശന്‍, എച്ച്.എം റീന പീറ്റര്‍, സീനിയര്‍ സൂപ്രണ്ട് ശശിധരന്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

