കെട്ടിട നിര്‍മ്മാണ ക്ഷേമനിധി സെസ്: എട്ട് മാസം ലഭിച്ചത് 22 കോടി രൂപ

കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി സെസ് കുടിശിക ഇനത്തില്‍ എറണാകുളം ജില്ലയില്‍ നിന്ന് ലഭിച്ചത് 22,35,91,285 രൂപ. കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ ആരംഭിച്ച സെസ് അദാലത്ത് വഴിയാണ് കോടിക്കണക്കിനു രൂപയുടെ കുടിശിക പിരിച്ചെടുക്കാന്‍ തൊഴില്‍ വകുപ്പിനു കഴിഞ്ഞത്.  പലിശയിനത്തില്‍ 1.47  കോടി രൂപയുടെ ഇളവാണു കെട്ടിട ഉടമകള്‍ക്കു ലഭിച്ചത്.

കഴിഞ്ഞ നവംബര്‍ ഒന്ന് മുതല്‍ ആരംഭിച്ച അദാലത്തില്‍ 2022 ജൂലൈ 15 വരെയുള്ള കാലയളവില്‍ 22,35,91,285 രൂപയുടെ കുടിശികയാണ് അടച്ചുതീര്‍ത്തത്.  കാക്കനാട് ജില്ലാ ലേബര്‍ ഓഫീസിലാണ് അദാലത്ത് സംഘടിപ്പിച്ചിട്ടുളളത്. അദാലത്തിന്റെ ഭാഗമായി ഗാര്‍ഹിക കെട്ടിട ഉടമകള്‍ക്കു പൂര്‍ണമായും വാണിജ്യസംബന്ധമായ കെട്ടിടങ്ങള്‍ക്കു ഭാഗികമായും പലിശ ഒഴിവാക്കി നല്‍കുന്നുണ്ട്. നിരവധി പേരാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുളളത്. അദാലത്തില്‍ പങ്കെടുത്ത കെട്ടിട ഉടമകള്‍ക്ക് 1,47,16,511 രൂപയുടെ ഇളവുകളാണു നല്‍കിയത്.

ഇതുവരെ 20961 പേര്‍ക്കാണ് അദാലത്തിന്റെ ഭാഗമായി നോട്ടീസുകള്‍ അയച്ചത്. നോട്ടീസ് ലഭിച്ച് ദീര്‍ഘനാളായിട്ടും കുടിശിക തീര്‍ക്കാത്ത 636 കെട്ടിട കെട്ടിട ഉടമകള്‍ക്ക് റവന്യൂ റിക്കവറി നടപടികള്‍ക്കായി  നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതില്‍ 380 പേര്‍ അദാലത്തില്‍ പങ്കെടുത്തിരുന്നു. ഇളവുകള്‍ നല്‍കി കുടിശിക അടക്കാനുള്ള നടപടികള്‍ സ്വീകരിച്ചതോടെ 75,96,872  രൂപയാണ് ഇവരില്‍ നിന്നു ലഭിച്ചത്.

കെട്ടിടങ്ങള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക്  ഉടമകള്‍ സെസ് അടക്കേണ്ടതുണ്ട്. 1996 മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. 10 ലക്ഷത്തില്‍ താഴെ ചെലവ് വരുന്ന ഗാര്‍ഹിക കെട്ടിടങ്ങള്‍ക്കാണ് ഇതില്‍ ഇളവു നല്‍കിയിട്ടുള്ളത്. നിര്‍മാണച്ചിലവിന്റെ ഒരു ശതമാനമാണ് ഉടമകള്‍ തൊഴില്‍ വകുപ്പ് മുഖാന്തരം ക്ഷേമനിധിയിലേക്ക് അടക്കേണ്ടത്. എന്നാല്‍ ഇതിനെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതിനാല്‍ ഭൂരിഭാഗം പേരും സെസ് അടക്കാത്ത സാഹചര്യമാണുള്ളത്. കുടിശിക വരുന്നതോടെ വന്‍തുക പലിശയായും ഉടമകള്‍ നല്‍കേണ്ടി വരും. കുടിശിക വര്‍ധിച്ചതോടെയാണ് പിരിച്ചെടുക്കുന്നതിനായി അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

അദാലത്ത് നോട്ടീസ് ലഭിച്ചാലും  ഇതിനെ കാര്യമായി എടുക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. റവന്യൂ റിക്കവറി ഉള്‍പ്പടെയുള്ള വലിയ നടപടി ക്രമങ്ങളിലേക്കാണ് ഇത് വഴിയൊരുക്കുക. അദാലത്ത് സമയ പരിധി കഴിയുന്നതോടെ പലിശയിനത്തിലുള്ള ഇളവുകള്‍ അവസാനിച്ചാല്‍ വലിയ സാമ്പത്തിക ബാധ്യതയാകും കെട്ടിട ഉമടകള്‍ നേരിടേണ്ടി വരുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →