പാലക്കാട്: സ്വർണ്ണക്കടത്ത് കേസ് പ്രതിയായ സ്വപ്നസുരേഷ് ഇപ്പോഴും എച്ച്ആർഡിഎസിന്റെ ഭാഗമാണെന്ന് സംഘടനയുടെ സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ. അവരെ പേ റോളിൽ നിന്ന് മാത്രമാണ് നീക്കിയത്. സംഘടനയ്ക്ക് വിദേശഫണ്ട് ലഭിക്കാൻ സ്വപ്നസുരേഷിന്റെ സഹായം അത്യാവശ്യമാണ്. അതിനാൽ അവർക്ക് സംഘടനയിൽ ഉന്നത പദവി നൽകി ഒപ്പം നിർത്തിയിരിക്കുകയാണെന്നും അജികൃഷ്ണൻ പറഞ്ഞു. എച്ച്ആർഡിഎസിനെ സംസ്ഥാന സർക്കാർ വേട്ടയാടുകയാണെന്നും സെക്രട്ടറി പറഞ്ഞു.
സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസിൽ നിന്ന് പുറത്താക്കാൻ വലിയ സമ്മർദ്ദമാണ് ഉണ്ടായത്. ചില സിപിഎം നേതാക്കൾ പോലും ഇതിനായി തന്നെ വിളിച്ചിരുന്നു. എന്തിനാണ് സ്വപ്നയെ ജോലിക്കു നിർത്തുന്നത് എന്നാണ് അവർ ചോദിച്ചത്. ചോദ്യം ചെയ്യലിൽ പോലീസും നിരന്തരം ഇക്കാര്യം ചോദിച്ചു. സ്വർണ്ണക്കടത്ത് കേസിൽ തെറ്റുപറ്റിയതാണെന്ന കാര്യം അവർ ഏറ്റുപറഞ്ഞതുമാണെന്നും അജികൃഷ്ണൻ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന് സ്വർണക്കടത്തിൽ പങ്കുണ്ടെന്നും ഒരു കമ്മ്യൂണിസ്റ്റുകാരന് വേണ്ട യാതൊരു ഗുണവും മുഖ്യമന്ത്രിക്ക് ഇല്ലെന്നും അജികൃഷ്ണൻ പറഞ്ഞു. കൂടുതൽ അന്വേഷണ ഏജൻസികൾ ഇപ്പോൾ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നുണ്ടെന്നും അജി കൃഷ്ണൻ വ്യക്തമാക്കി. അതേസമയം ആദിവാസി ഭൂമി തട്ടിപ്പ് കേസിൽ എച്ച്ആർഡിഎസ് സെക്രട്ടറിഅജി കൃഷ്ണന് ബുധനാഴ്ച ജാമ്യം ലഭിച്ചിരുന്നു.
ഷോളയാർ വട്ടലക്കി എന്ന സ്ഥലത്തെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട രാമൻ എന്നയാളുടെ ഭൂമി കൈയേറിയതിനാണ് കേസ്. ഒരു വർഷം മുമ്പ് നൽകിയ പരാതിയിൽ നേരത്തെ കേസെടുത്തെങ്കിലും ഇപ്പോഴാണ് അറസ്റ്റ്. വിദേശത്തായിരുന്ന അജികൃഷ്ണൻ അട്ടപ്പാടിയിൽ തിരിച്ചെത്തിയതിനു തൊട്ടുപുറകെയാണ് അറസ്റ്റ് ചെയ്തത്. കേരളം, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ജാർഖണ്ഡ് ഉൾപ്പെടെയുള്ള ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി എന്ന എച്ച്ആർഡിഎസ്. 1995 ൽ രൂപീകൃതമായതാണ് സംഘടന. സംഘടന ആദിവാസികളുടെ പട്ടയ ഭൂമി കയ്യേറിയത് അന്വേഷിക്കാൻ എസ്സി എസ്ടി കമ്മീഷൻ നേരത്തെ ഉത്തരവിട്ടിരുന്നു.

