കള്ളക്കുറിച്ചിയിൽ പ്ലസ് ടു വിദ്യാർഥിനിയുടെ ആത്മഹത്യയെ തുടർന്നുണ്ടായ സംഘർഷത്തിൽ 250 പേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്നുണ്ടായ സംഘർഷത്തിൽ 250 പേർ അറസ്റ്റിൽ. അണ്ണാ ഡിഎംകെ ഐടി വിങ്ങിലെ രണ്ടുപേരും പിടിയിലായവരിൽ ഉൾപ്പെടുന്നു. അണ്ണാ ഡിഎംകെ പ്രവർത്തകരായ ദീപക്, സൂര്യ എന്നിവരാണ് പിടിയിലായത്. മാധ്യമങ്ങളിൽ കലാപ ആഹ്വാനം നടത്തിയതിനാണ് അറസ്റ്റ് എന്നാണ് പോലീസ് പറയുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. ഡിജിപിയും, ആഭ്യന്തര സെക്രട്ടറിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

തമിഴ്നാടിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അക്രമവും, കൊള്ളിവയ്പ്പുമാണ് 17/07/22 ഞായറാഴ്ച കള്ളക്കുറിച്ചിയിൽ നടന്നത്. പോലീസ് ബസ്സുകൾ അടക്കം 15 ബസുകൾ അക്രമികൾ കത്തിച്ചു. നിരവധി കാറുകളും, ഇരുചക്രവാഹനങ്ങളും അഗ്നിക്കിരയാക്കി. സ്കൂൾ കെട്ടിടം തകർത്തു. പാഠപുസ്തകങ്ങളും, സ്കൂൾ രേഖകളും, ഉപകരണങ്ങളും കൂട്ടിയിട്ട് തീയിട്ടു. ഇതിനിടെ ഓഫീസ് ഉപകരണങ്ങൾ ചിലർ കൊള്ളയടിച്ചു. സംഘർഷത്തിൽ നിരവധി സമരക്കാർക്കും, ഡിഐജി എം.പാണ്ഡ്യനടക്കം 20ലേറെ പോലീസുകാർക്കും പരിക്കേറ്റു. സമീപ ജില്ലകളിൽ നിന്നും കൂടുതൽ പോലീസ് എത്തിയതോടെയാണ് അക്രമികൾ പിൻവാങ്ങിയത്.

സംഘർഷ സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ 500 പോലീസ് കമാൻഡോ മാരടക്കം 1500 പോലീസുകാരാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. സംസ്ഥാന ഡിജിപിയും, ആഭ്യന്തര സെക്രട്ടറിയും പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്. കള്ളക്കുറിച്ചിയിലും, പരിസരപ്രദേശങ്ങളിലും 2022 ജൂലൈ മാസം 31 വരെയാണ് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ പെൺകുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിസിഐഡിക്ക് കൈമാറി. സ്കൂൾ പ്രിൻസിപ്പാളിനേയും, ആത്മഹത്യാക്കുറിപ്പിൽ പേരുള്ള രണ്ട് അധ്യാപകരെയും പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മൃതശരീരം കുടുംബം ഇനിയും ഏറ്റുവാങ്ങിയിട്ടില്ല.

തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് 12/07/22 ചൊവ്വാഴ്ച ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനോടുക്കിയത്. കുട്ടിയുടെ ആത്മഹത്യക്കുറിപ്പിൽ സ്കൂളിലെ രണ്ട് അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നു എന്ന് എഴുതിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട സമരമാണ് അക്രമാസക്തമായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →