ചെന്നൈ: ഇരട്ടനേതൃത്വത്തെ ചൊല്ലിയുള്ള തമ്മിലടിക്കൊടുവില്‍ മുതിര്‍ന്ന നേതാവ് ഒ. പനീര്‍സെല്‍വ(ഒ.പി.എസ്)ത്തെ അണ്ണാ ഡി.എം.കെയില്‍ നിന്നു പുറത്താക്കി എടപ്പാടി കെ. പളനിസ്വാമി(ഇ.പി.എസ്) പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറി. നാടകീയതകള്‍ക്കൊടുവില്‍ ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ കൈക്കൊണ്ട തീരുമാനം അംഗീകരിക്കില്ലെന്നും കോടതിയെ സമീപിക്കുമെന്നും പനീര്‍സെല്‍വം. മദ്രാസ് ഹൈക്കോടതി പച്ചക്കൊടി കാട്ടിയതിനേത്തുടര്‍ന്നാണ് 2,500ല്‍ അധികം അംഗങ്ങളുള്ള ജനറല്‍ കൗണ്‍സില്‍ ചേര്‍ന്നത്. ഒ.പി.എസ്-ഇ.പി.എസ്. അധികാരത്തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷാന്തരീക്ഷത്തിലായിരുന്നു യോഗം. ഒന്നാമന്‍, രണ്ടാമന്‍ തര്‍ക്കത്തിനു വഴിവച്ച കോ- ഓര്‍ഡിനേറ്റര്‍, ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികകള്‍ ഒഴിവാക്കിയ യോഗം പിന്നാലെ പനീര്‍സെല്‍വത്തെ പുറത്താക്കുന്ന നിര്‍ണായക തീരുമാനം കൈക്കൊണ്ടു. ”പാര്‍ട്ടിവിരുദ്ധ” പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു നടപടി. പാര്‍ട്ടിയുടെ ഏക തലവനായി പളനിസ്വാമിയെ നിയോഗിച്ച ജനറല്‍ കൗണ്‍സില്‍ അദ്ദേഹത്തിനു ജനറല്‍ സെക്രട്ടറിയുടെ ഇടക്കാല ചുമതല നല്‍കുകയും ചെയ്തു. നാലു മാസത്തിനുള്ളില്‍ സംഘടനാ തെരഞ്ഞെടുപ്പു നടത്തി പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്താനും തീരുമാനിച്ചു. പാര്‍ട്ടി ഉന്നത സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയിലടക്കം പല ഭേദഗതികള്‍ക്കും യോഗം അംഗീകാരം നല്‍കി.
പത്തുവര്‍ഷത്തെ പ്രാഥമികാംഗത്വമുള്ളവര്‍ക്കു മാത്രമായിരിക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത എന്നതാണ് ഇതില്‍ സുപ്രധാനം. പുറത്താക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നും 1.5 കോടി പാര്‍ട്ടി പ്രവര്‍ത്തകരാണ് തന്നെ കോ-ഓര്‍ഡിനേറ്ററായി തെരഞ്ഞെടുത്തതെന്നും പനീര്‍സെല്‍വം പ്രതികരിച്ചു. അതുകൊണ്ടുതന്നെ ഇ.പി.എസിനോ മറ്റേതെങ്കിലും നേതാവിനോ തന്നെ പുറത്താക്കാന്‍ അധികാരവുമില്ല. തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പളനിസ്വാമിപക്ഷം വിളിച്ച ജനറല്‍ കൗണ്‍സില്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പനീര്‍സെല്‍വം പക്ഷം സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയതോടെയാണ് യോഗം ചേരാന്‍ വഴിതെളിത്. പാര്‍ട്ടി ഭരണഘടനപ്രകാരം കോ-ഓര്‍ഡിനേറ്റര്‍, ജോയിന്റ് കോര്‍-ഓര്‍ഡിനേറ്റര്‍ പോസ്റ്റിലുള്ളവര്‍ക്ക് മാത്രമേ ജനറല്‍ കൗണ്‍സില്‍ വിളിക്കാന്‍ അര്‍ഹതയുള്ളൂവെന്നായിരുന്നു ഒ.പി.എസ്. പക്ഷത്തിന്റെ വാദം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രിസീഡിയം ചെയര്‍മാന്‍ വിളിച്ച യോഗം സാങ്കേതികമായി നിയമവിരുദ്ധമാണെന്നും അവര്‍ വാദിച്ചു. ഇരട്ടനേതൃത്വം പ്രാബല്യത്തിലില്ലെന്നും പ്രിസീഡിയം ചെയര്‍മാനാണ് യോഗം വിളിക്കാന്‍ യോഗ്യതയെന്നും ജൂണ്‍ 23 ലെ യോഗതീരുമാനം ചൂണ്ടിക്കാട്ടി ഇ.പി.എസ്. പക്ഷം വാദം നിരത്തി. ഇത് അംഗീകരിച്ചാണ് കോടതി ജനറല്‍ കൗണ്‍സില്‍ ചേരാന്‍ അനുമതി നല്‍കി വിധിപ്രസ്താവിച്ചത്.

