സൂറിച്ച്: ഫിഫയില്‍ നടന്ന അഴിമതി കേസുകളില്‍ ഒരണ്ണത്തില്‍ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്ററും മുന്‍ വൈസ് പ്രസിഡന്റും യുഫേഫ പ്രസിഡന്റുമായിരുന്ന മിഷേല്‍ പ്ലാറ്റിനിയും കുറ്റക്കാരല്ലെന്നു സൂറിച്ചിലെ ബെലിന്‍സോണയിലെ ഫെഡറല്‍ ക്രിമിനല്‍ കോര്‍ട്ട് വ്യക്തമാക്കി. ഫിഫയിലെ അഴിമതി എഫ്.ബി.ഐ. പുറത്ത് കൊണ്ട് വന്നതിനു പിന്നാലെ സൂറിച്ചില്‍ നടന്ന പരിശോധനയില്‍ ഏഴ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിരന്നു. 2018, 2022 ലോകകപ്പ് വേദികള്‍ അനുവദിച്ചതില്‍ വന്‍ അഴിമതി നടന്നതായി കണ്ടെത്തി. 2011 ല്‍ അന്നത്തെ യുഫേഫ പ്രസിഡന്റ് ആയ പ്ലാറ്റിനിക്കു 1.6 ദശലക്ഷം യൂറോ അന്നത്തെ ഫിഫ പ്രസിഡന്റ് ബ്ലാറ്റര്‍ ഫിഫയില്‍നിന്നു കൊടുത്ത വിവരം പുറത്ത് വന്നത്. പ്ലാറ്റിനി മുമ്പ് ഫിഫയുടെ ഉപദേശകനായി പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമായിരുന്നെന്നാണ് ഇരുവരും വാദിച്ചത്. ഈ വാദമാണു കോടതി അംഗീകരിച്ചത്. താന്‍ നിരപരാധിയാണെന്നു പറഞ്ഞാണ് 87 വയസുകാരനായ ബ്ലാറ്റര്‍ കേസിനെ നേരിട്ടത്.
അദ്ദേഹം 1998 മുതല്‍ 17 വര്‍ഷം ഫിഫയുടെ തലവനായിരുന്നു. ബ്ലാറ്ററെ ഫുട്‌ബോളില്‍നിന്നു വിലക്കിയിരുന്നു. ഇതിഹാസ താരമായിരുന്ന പ്ലാറ്റിനി താന്‍ ആദ്യ മത്സരം ജയിച്ചെന്നാണു പ്രതികരിച്ചത്. യൂറോ കപ്പ് ജേതാവും മൂന്നു തവണ ബാലണ്‍ ഡിയോര്‍ ജേതാവും ആയ പ്ലാറ്റിനി വിരമിച്ച ശേഷം ഫ്രഞ്ച് കോച്ചായും തിളങ്ങി.2007 ലാണ് യുഫേഫ പ്രസിഡന്റായത്. മുമ്പ് ഫിഫയുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. ഫിഫ എതിക്‌സ് കമ്മിറ്റി, വിവിധ അന്വേഷണങ്ങള്‍ എന്നിവ എതിരായപ്പോഴാണു രാജിവയ്ക്കേണ്ടി വന്നത്.

