ക്വാലാലംപുര്‍: ഇന്ത്യയുടെ ഒളിമ്പ്യന്‍ പി.വി. സിന്ധുവും മലയാളി താരം എച്ച്.എസ്. പ്രണോയിയും മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. രണ്ടു വട്ടം ഒളിമ്പിക് മെഡല്‍ നേടിയ സിന്ധു ചൈനയുടെ സാങ് യി മാനെയാണു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-12, 21-10.ലോക 32-ാം റാങ്കുകാരിയായ സാങിന് സിന്ധുവിനെതിരേ 32 മിനിറ്റ് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. ക്വാര്‍ട്ടറില്‍ മുന്‍ ലോക ചാമ്പ്യനും ലോക ഏഴാം നമ്പര്‍ താരവുമായ ചൈനീസ് തായ്പേയുടെ തായ് സു യിങാണു സിന്ധുവിനെ ക്വാര്‍ട്ടറില്‍ നേരിടുക. കഴിഞ്ഞയാഴ്ച നടന്ന മലേഷ്യ ഓപ്പണില്‍ തായ് സു സിന്ധുവിനെ തോല്‍പ്പിച്ചിരുന്നു. ചൈനീസ് തായ്പേയുടെ വാങ് സു വീയെയാണ് പ്രണോയ് തോല്‍പ്പിച്ചത്. സ്‌കോര്‍: 21-19, 21-16.ജപ്പാന്റെ കാന്ത സുനിയാമയാണ് പ്രണോയിയുടെ എതിരാളി. ബി. സായ് പ്രണീത്, കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ പാരുപ്പള്ളി കാശ്യപ് എന്നിവര്‍ പുറത്തായി. പ്രണീതിനെ ചൈനയുടെ ലി ഷി ഫെങാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 14-21, 17-21. മത്സരം 42 മിനിറ്റ് നീണ്ടു. ഇന്തോനീഷ്യയുടെ ആന്റണി സിനിസുക ഗിന്‍ടിങാണ് കാശ്യപിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: 21-10, 21-15.
സിന്ധുവും പ്രണോയിയും ക്വാര്‍ട്ടറില്‍
