അതിരപ്പിള്ളി പഞ്ചായത്തില്‍ ആന്ത്രാക്സ് ബാധ; കന്നുകാലികള്‍ക്ക് വാക്‌സിന്‍ നല്‍കി

അതിരപ്പിള്ളി പഞ്ചായത്തിലെ മലയോര മേഖലയില്‍ ആന്ത്രാക്‌സ് ബാധിച്ച് കാട്ടുപന്നികള്‍ മരിച്ചതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പഞ്ചായത്തിലെ കന്നുകാലികള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കി. അമ്പതോളം കന്നുകാലികള്‍ക്കാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ പ്രതിരോധ വാക്‌സിന്‍ നല്‍കിയത്. വാക്‌സിനേഷന്‍ വരുംദിവസങ്ങളിലും തുടരും. 

അതേസമയം, പ്രദേശത്തെ ഏതെങ്കിലും വളര്‍ത്തു മൃഗങ്ങളില്‍ ആന്ത്രാക്‌സ് ബാധയുടെ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ കൂടുതല്‍ മൃഗങ്ങള്‍ മരണപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു. മുഷ്യരില്‍ രോഗബാധയ്ക്കുള്ള സാധ്യത കുറവായതിനാല്‍ പരിഭ്രാന്തരാവേണ്ട ആവശ്യമില്ല. അതേസമയം, ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 

ആന്ത്രാക്‌സ് ഭീഷണിയെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് അവരെ ബോധ്യപ്പെടുത്തുന്നതിനുമായി പഞ്ചായത്ത് ഓഫീസില്‍ വച്ച് പ്രത്യേക ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. വളര്‍ത്തു മൃഗങ്ങളില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്ന പക്ഷം ഉടന്‍ അധികൃതരെ അറിയിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  കഴിഞ്ഞ ദിവസം അതിരപ്പിള്ളി പഞ്ചായത്തിലെ മലോയര പ്രദേശത്ത് ഏതാനും കാട്ടുപന്നികള്‍ ആന്ത്രാക്‌സ് ബാധിച്ച് മരിച്ചിരുന്നു. കാട്ടുപന്നികളുടെ അവശിഷ്ടങ്ങള്‍ മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലാ ലാബില്‍ പരിശോധനയക്ക് വിധേയമാക്കിയപ്പോഴാണ് ആന്ത്രാക്സ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. 

ആന്ത്രാക്സ് ബാധ കണ്ടെത്തിയ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനും മുന്‍കരുതലുകള്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കുന്നതിനും സംശയ ദൂരീകരണത്തിനും കണ്‍ട്രോള്‍ റൂമിലെ 0487 2424223 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →