കുന്നംകുളം നഗരത്തില്‍ ഇനി നിയമം പാലിച്ചുള്ള കച്ചവടം മാത്രം. നഗരസഭ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്റെ അധ്യക്ഷതയിൽ ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തെരുവു കച്ചവടത്തിൽ നടപ്പിൽ വരുത്തേണ്ട മാര്‍ഗനിർദ്ദേശങ്ങളും നല്‍കി. ഇനി മുതല്‍ ഒരാള്‍ക്ക് ഒരു തെരുവുകച്ചവടം മാത്രമേ നടത്താനാകൂ. ഐഡി കാര്‍ഡ് ലഭിച്ചിട്ടുള്ളവര്‍ക്കുമാത്രം കച്ചവടം ചെയ്യാം. ഇവര്‍ കച്ചടവടം ചെയ്യുമ്പോള്‍ ഐഡി കാര്‍ഡ് പ്രദര്‍ശിപ്പിക്കണം. പരമാവധി 36 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മാത്രമേ കച്ചവടം അനുവദിക്കു. ഇതില്‍ നിന്ന് അധികരിച്ച് കച്ചവടം നടത്തരുത്. കാല്‍നട യാത്രക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും വാഹനഗതാഗതത്തിനും തടസമായ രീതിയില്‍ കച്ചവടം വേണ്ട. കച്ചവടം മൂലമുണ്ടാകുന്ന അജൈവ മാലിന്യങ്ങള്‍ നഗരസഭയിലെ ഹരിതകര്‍മ്മസേനയ്ക്ക് കൈമാറണം.
ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിൽപ്പന നടത്തുന്നവര്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നിര്‍ബന്ധമായും പാലിക്കണം. മലിനജലം പൊതുഇടങ്ങളിലേയ്ക്ക് ഒഴുക്കാന്‍ പാടില്ല. നിയന്ത്രിത മേഖലകളില്‍ ഇനി കച്ചവടങ്ങള്‍ അനുവദിക്കില്ല. കച്ചവട സ്ഥലത്തിന്റെ വലിപ്പം കൂട്ടാനോ അവിടെ സ്ഥിരമായ കച്ചവട നിര്‍മിതിയോ അനുവദിക്കില്ല. റോഡ്, ഫുട്പാത്ത് എന്നിവിടങ്ങളിലേയ്ക്ക് നീക്കിയുള്ള കച്ചവടവും പാടില്ല. കച്ചവടക്കാര്‍ മറുവാടകയ്ക്ക് നല്‍കി കച്ചവടം ചെയ്യുന്ന രീതി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കും. സാധാരണ കച്ചവടക്കാരുടെ കച്ചവടത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള കച്ചവടവും അനുവദിക്കില്ല.
മാര്‍ക്കറ്റ് പരിസരങ്ങളില്‍ കച്ചവട തടസമുണ്ടാക്കിയുള്ള കച്ചവടവും അനുവദിക്കില്ല. ഇത്തരം നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി, പിഴയൊടുക്കല്‍, ലൈസന്‍സ് ഉള്‍പ്പെടെ റദ്ദാക്കല്‍ എന്നിവ നടപ്പാക്കുമെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.
തെരുവുകച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടികള്‍ എടുത്തിട്ടില്ലെന്നും അവരുടെ അന്നം മുട്ടിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്നും എപ്പോഴും അവരെ കൂടെ നിര്‍ത്തുമെന്നും നഗരസഭ വ്യക്തമാക്കി. വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, സജിനി പ്രേമന്‍, ടി സോമശേഖരന്‍, പ്രിയ സജീഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ എസ് ലക്ഷ്മണന്‍, എച്ച് ഐ മോഹന്‍ദാസ്, എന്‍ യു എല്‍ എം സിഎംഎം രണ്‍ജിത് അലക്സ് , തെരുവുകച്ചവടക്കാർ തുടങ്ങിയവർ പങ്കെടുത്തു.

