ഒ വി വിജയൻറെ 93-ാം ജന്മദിനാഘോഷം ജൂലൈ ഒന്നു മുതൽ മൂന്നു വരെ

പാലക്കാട്: 53 വർഷങ്ങൾക്കു മുമ്പ് തസ്രാക്കിലെ കൂമൻ കാവിൽ നിന്ന് രവി ബസ് കയറിയതിനൊപ്പം വായനക്കാരുടെ മനസ്സും ഒരു യാത്ര പോയി. അതുവരെ കാണാത്ത, വായിക്കാത്ത, പരിചയമില്ലാത്ത പുതിയൊരു വായനാ കാലത്തിലൂടെ. ആ വായനക്കാലം സൃഷ്ടിച്ച ഒ. വി വിജയന്റെ 93-ാം പിറന്നാൾ ആഘോഷങ്ങൾ 2022 ജൂലായ് 1 വെള്ളിയാഴ്ച തസ്രാക്കിൽ ആരംഭിക്കുന്നു.

ജന്മദിനത്തിനോടനുബന്ധിച്ച് ഒ. വി വിജയൻ സ്മാരക സമിതി ജൂലൈ ഒന്നു മുതൽ മൂന്നു വരെ “വെക്കാനം” എന്ന പേരിൽ ജന്മദിന ആഘോഷങ്ങൾ സംഘടിപ്പിക്കും. ഒ.വി വിജയൻ സ്മാരക യുവകഥാ പുരസ്കാരമത്സരത്തിൽ മികവുപുലർത്തിയ 40 യുവകഥാകൃത്തുക്കൾ പങ്കെടുക്കുന്ന ശില്പശാല വെള്ളിയാഴ്ച ആരംഭിക്കും. കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡൻറ് വൈശാഖൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് അശോകൻ ചെരുവിൽ ” കഥയും കാലവും ” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടുമണി മുതൽ ഡോക്ടർ കെ എസ് രവികുമാർ, ഡോക്ടർ കെ പി മോഹനൻ, ഡോക്ടർ പി കെ രാജശേഖരൻ എന്നിവർ നയിക്കുന്ന മലയാള ചെറുകഥ ആധുനികതവരെ, മലയാള ചെറുകഥ ആധുനികതയ്ക്ക് ശേഷം, വിജയന്റെ കഥകൾ എന്നീ മൂന്ന് സെഷനുകൾ അവതരിപ്പിക്കും. വൈകീട്ട് ഏഴരക്ക് കോങ്ങാട് നാടക സംഘത്തിന്റെ നാടക അവതരണവും ശില്പശാല അംഗങ്ങൾ രചിച്ച കഥകളുടെ ചർച്ചയും ഉണ്ടാവും.

രണ്ടാം ദിവസം രാവിലെ 10ന് ഒ.വി വിജയൻ പ്രതിമയിൽ പുഷ്പാർച്ചന യോടെ ആഘോഷം ആരംഭിക്കും. മേഴ്സി കോളേജിലെ ഇംഗ്ലീഷ് വിഭാഗം അവതരിപ്പിക്കുന്ന “കടൽത്തീരത്ത് ” ദൃശ്യാവിഷ്കാരത്തിന് ശേഷമുള്ള സമ്മേളനം മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. തുടർന്ന് പാലക്കാട്ടെ കഥാകൃത്തുക്കളുമായുള്ള മുഖാമുഖം പരിപാടി മുണ്ടൂർ സേതുമാധവൻ ഉദ്ഘാടനം ചെയ്യും. മൂന്നാം ദിവസം രാവിലെ 8 മുതൽ 9 വരെ തസ്രാക്കിലൂടെ ഗ്രാമയാത്ര നടത്തും. എം.സ്വരാജ്, സുനിൽ പി ഇളയിടം എന്നിവരുടെ പ്രഭാഷണം ഉണ്ടാകും. മൂന്നരയ്ക്ക് സമാപനയോഗത്തിന്റെ ഉദ്ഘാടനം ടി ആർ അജയൻ നിർവഹിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →