ആശ്വാസമാകാതെ ആശ്വാസകിരണം; കിടപ്പ് രോഗികളെയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവർക്ക് പ്രതിമാസ സഹായം നിലച്ചു

പാലക്കാട്: കിടപ്പു രോഗികളെയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവർക്ക് സർക്കാർ നൽകിയിരുന്ന പ്രതിമാസ ധനസഹായ പദ്ധതി ആശ്വാസകിരണം വീണ്ടും നിലച്ചു. രോഗിയെ തനിച്ചാക്കി കൂലിപ്പണിക്കുപോലും പോകാനാവാത്തവർക്കുള്ള ആശ്വാസം മുടങ്ങിയതോടെ പലരും പ്രതിസന്ധിയിലായി.

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ വിട്ട് ജോലിക്കിറങ്ങാനാകില്ല. അവരുടെ അടുത്ത് നിന്ന് ഒന്ന് മാറി നിൽക്കാൻ പോലുമാകില്ല. അവരുടെ നിത്യ ചിലവുകൾക്ക് ആവശ്യമായ തുക കണ്ടെത്താൻ പോലും കഴിയുന്നില്ല. എങ്ങനെ മുന്നോട്ടു പോകും എന്ന് അറിയില്ല. ആഹാരത്തിനു പോലും ബുദ്ധിമുട്ടാകുമെന്ന സ്ഥിതിയാണ്. മാനസിക വെല്ലുവിളി നേരിടുന്ന അമ്മയുടെ നെഞ്ചുപൊട്ടിയുള്ള പറച്ചിലാണിത്.

ഇവർക്ക് ആശ്വാസമായിരുന്നത് സാമൂഹ്യ സുരക്ഷാ മിഷന്റെ ആശ്വാസകിരണം പദ്ധതി ആയിരുന്നു. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ പരിചരിക്കുന്നവർക്ക് സർക്കാർ നൽകുന്ന ധനസഹായം ആണ് ആശ്വാസകിരണം പദ്ധതി. 2010ലാണ് സർക്കാർ ആശ്വാസകിരണം പദ്ധതി തുടങ്ങിയത്. ഒന്നേ കാൽ ലക്ഷത്തിലേറെ ഗുണഭോക്താക്കൾ ഉണ്ട് . 600 രൂപയാണെങ്കിലും ഒരു ജോലിക്കും പോകാൻ കഴിയാതെ രോഗികളെ പരിചരിക്കുന്നവർക്ക് അതൊരു വലിയ ആശ്വാസമായിരുന്നു .ആറുമാസത്തിലേറെയായി ആശ്വാസകിരണം പദ്ധതി നിലച്ചിട്ട്. ഈ വർഷം ഇതുവരെ പണം കിട്ടിയിട്ടില്ലെന്ന് അർഹരായവർ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →