നിങ്ങള്‍ക്ക് ലൈസന്‍സ് ആവശ്യമുണ്ടോ എന്ന് ചോദിച്ച് പഞ്ചായത്തധികൃതര്‍ സംരംഭകരെ തേടിയെത്തിയാലോ ? ഒരുപക്ഷേ കേട്ടുകേള്‍വി ഇല്ലാത്ത സംഭവമായി തോന്നിയേക്കാം. രായമംഗലം ഗ്രാമപഞ്ചായത്തിന്റെ പുതിയ ഉദ്യമമാണ് ലൈസന്‍സ് ആവശ്യമുള്ളവരെ അങ്ങോട്ട് തേടിയെത്തുക എന്നത്. ‘എന്റെ സംരംഭം എന്റെ അഭിമാനം’ എന്ന ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ അപേക്ഷ സ്വീകരിച്ച് അപ്പോള്‍ തന്നെ സംരംഭങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന വിധത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞദിവസം ഈ പദ്ധതിയ്ക്ക് കുറുപ്പംപടിയില്‍ തുടക്കമായി. കുറുപ്പംപടി മര്‍ച്ചന്റ് അസോസിയേഷന്റെ സഹകരണത്തോടെയാണ് പഞ്ചായത്ത് ലൈസന്‍സ് ക്യാമ്പ് സംഘടിപ്പിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ ഇരുന്നൂറില്‍ പരം അപേക്ഷകള്‍ സ്വീകരിച്ച് ലൈസന്‍സുകള്‍ അപ്പോള്‍ തന്നെ വിതരണം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ബി. സുധീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഉദ്യോഗസ്ഥ സംഘമാണ് കാലതാമസമില്ലാതെ നടപടികള്‍ പൂര്‍ത്തീകരിച്ച് ലൈസന്‍സ് അനുവദിച്ച് നല്‍കിയത്. കുറുപ്പംപടിയിലെ വ്യാപാരികളാണ് പ്രധാനമായും ഈ അവസരം വിനിയോഗിച്ചത്. വരും ദിവസങ്ങളില്‍ പഞ്ചായത്തിലെ മൂന്നിടങ്ങളില്‍ കൂടി ഇത്തരത്തില്‍ ക്യാമ്പ് സംഘടിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഈ ഉദ്യമം നടത്തുന്നത്. ആദ്യ ശ്രമം വിജയകരമായിരുന്നു. പഞ്ചായത്തില്‍ കൂടുതല്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, അതുവഴി തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതാണ് ഭരണസമിതിയുടെ മുഖ്യ അജണ്ടകളിലൊന്ന് എന്നും പ്രസിഡന്റ് എന്‍.പി അജയകുമാര്‍ പറയുന്നു.