പാലക്കാട് : ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി ആദിവാസി യുവാവ് മധു മരിച്ച കേസിൽ സാക്ഷികൾ തുടർച്ചയായി കൂറുമാറുന്നതിൽ കടുത്ത ആശങ്ക അറിയിച്ച് കുടുംബം. കോടതിയിൽ ഹാജരാക്കിയ രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു. പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, മധുവിന്റെ ബന്ധുവായ പതിനൊന്നാം സാക്ഷി ചന്ദ്രൻ എന്നിവരാണ് കൂറുമാറിയത്.
സാക്ഷികളെ പ്രതികൾ രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ് എന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറയുന്നു. പണമുപയോഗിച്ച് സാക്ഷികളെ സ്വാധീനിച്ച് കൂറുമാറ്റുകയാണെന്ന് മധുവിന്റെ അമ്മ ആരോപിക്കുന്നു. കൂറുമാറിയ സാക്ഷികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മധുവിന്റെ സഹോദരി വ്യക്തമാക്കി. പ്രതികൾ മധുവിനെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് കണ്ടുവെന്ന് മുമ്പ് പൊലീസിന് കൊടുത്ത മൊഴിയാണ് പത്താം സാക്ഷി ഉണ്ണികൃഷ്ണൻ കോടതിയിൽ മാറ്റി പറഞ്ഞത്. തന്നെ പ്രതിയാക്കുമോ എന്ന ഭയത്തിലാണ് ആദ്യം മൊഴി കൊടുത്തത് എന്നാണ് ഉണ്ണികൃഷ്ണന്റെ വാദം.
ആൾക്കൂട്ടം മധുവിനെ മുക്കാലിയിൽ എത്തിച്ചതിനുo പോലീസ് എത്തി ജീപ്പിൽ കൊണ്ടുപോയതിനും ദൃക്സാക്ഷിയാണ് ഉണ്ണികൃഷ്ണൻ. മധുവിനെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രാജേന്ദ്രൻ സാക്ഷിയെ വിസ്തരിച്ചത്. ദൃശ്യങ്ങളിൽ ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്ന പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു. എന്നാൽ ഈ പ്രതികൾ മധുവിനെ ഉപദ്രവിച്ചത് കണ്ടിട്ടില്ലെന്നാണ് ഇയാൾ കോടതിയിൽ പറഞ്ഞത്.

