ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലും കല്ലേറിലും ആറ് പേര്‍ക്ക് പരിക്ക്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവിന്റെ വിവാദ പരാമര്‍ശത്തിന് പിന്നാലെ കടകള്‍ അടച്ചിടാന്‍ ചില സംഘടനകള്‍ ആഹ്വാനം ചെയ്തതിനേ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കടകള്‍ അടക്കാനുള്ള തീരുമാനത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തെരുവില്‍ ഏറ്റമുട്ടുകയും കല്ലെറിയുകയുമായിരുന്നു. പോലീസിന് നേരെയും കല്ലേറുണ്ടായി. സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഒപ്പം പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംഭവത്തില്‍ 18 പേരെ കസ്റ്റഡിയില്‍ എടുത്തതായും പോലീസ് അറിയിച്ചു.