കട്ടപ്പന മര്‍ച്ചന്റ്‌സ്‌ അസോസിയേഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായി ആരോപണം

കട്ടപ്പന : കട്ടപ്പന മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ ഭരണ സമിതിക്കെതിരെ അഴിമതി ആരോപണം. രണ്ടുകോടിയോളം രൂപയുടെ അഴിമതി നടന്നതായട്ടാണ്‌ അറിയുന്നത്‌. അസോസിയേഷന്റ കണക്കുകളില്‍ കൃത്രിമം ഉണ്ടെന്ന്‌ നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്ന്‌ കണക്കുകള്‍ പരിശോധിക്കാന്‍ സബ്‌കമ്മറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്മറ്റി നടത്തിയ അന്വേഷണത്തിലാണ്‌ രണ്ടുകോടിയോളം രൂപയുടെ ക്രമക്കേട്‌ കണ്ടെത്തിയതെന്ന്‌ വിമത വിഭാഗം അംഗങ്ങള്‍ ആരോപിക്കുന്നത്‌.

അസോസിയേഷന്റെ ഉടമസ്ഥതയിലുളള കെട്ടിടം പണയം വച്ച്‌ 2015 ജനുവരി 9ന്‌ കട്ടപ്പന സര്‍വീസ്‌ സഹകരണ ബാങ്കില്‍ നിന്നും 50 ലക്ഷം രൂപ വായ്‌പയെടുത്തിരുന്നതായി ബാങ്ക്‌ സ്റ്റേറ്റുമെന്റില്‍ കാണുന്നെന്നും എന്നാല്‍ ഈ തുക അസോസിയേഷന്റെ വരവുചെലവ്‌ കണക്കില്‍ പെടുത്താതെ സ്വന്തക്കാര്‍ക്ക്‌ 24 ശതമാനം പലിശക്ക്‌ വായ്‌പ കൊടുത്തതായിട്ടാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. ഈ ഇനത്തില്‍ ഒന്നര കോടിയോളം രൂപ കാണാനില്ലെന്നും അസോസിയേഷന്‍ വൃത്തങ്ങളില്‍ നിന്നറിയുന്നു. അതോടൊപ്പം ഈ കെട്ടിടത്തില്‍ നിന്നു ലഭിക്കുന്ന വാടകയുടെ കണക്കുകള്‍ സംബന്ധിച്ചും കൃത്യമായ കണക്കുകള്‍ ഇല്ലെന്നും സൂചനയുണ്ട്‌.

ഈ മാസം അവസാനം ചേരാനിരിക്കുന്ന പൊതുയോഗത്തില്‍ പ്രശ്‌നം വഷളാകാനാണ്‌ സാധ്യത. അതിനാല്‍ സബ്‌കമ്മറ്റി റിപ്പോര്‍ട്ട്‌ താമസിപ്പിക്കാനുളള സമ്മര്‍ദ്ദം ശക്തമാണെന്നും വിവരമുണ്ട്‌. ഇതിനായി സബ്‌ കമ്മറ്റി മെമ്പര്‍മാരെ സ്വാധീനിക്കാന്‍ ജില്ലാ സംസ്ഥാന നേതാക്കന്മാര്‍ വരെ രംഗത്തെത്തിയിട്ടുളളതായാണ്‌ വിവരം. പ്രശ്‌നം മാധ്യമങ്ങളിലെത്താതിരിക്കാന്‍ നീക്കം നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ ചിട്ടിനടത്തിപ്പിലും ക്രമക്കേടുകള്‍ നടന്നതായി ഒരുവിഭാഗം വ്യാപാരികളില്‍ നിന്നറിയുന്നു.

എന്നാല്‍ ആരോപണം ഉന്നയിക്കുന്നവരുടെ അറിവോടെയാണ്‌ അസോസിയേഷന്‍ വായ്‌പെടുത്തതെന്നും, അതിന്റെ കണക്കുകള്‍ വ്യക്തമാണെന്നും നേതൃത്വം വിശദീകരിക്കുന്നു. അസോസിയേഷനില്‍ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ രണ്ടുപതിറ്റാണ്ടായി പ്രസ്‌ഡന്റ്‌ സ്ഥാനമടക്കം കയ്യടക്കി വച്ചിരിക്കുന്ന നേതൃത്വത്തിനെതിരെ വിമത പക്ഷം ഒളിയമ്പുകള്‍ തൊടുക്കുകയാണെന്നും ആരോപണം ഉണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →