ഭർതൃവീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്

തൃശൂർ ∙ വിവാഹം കഴിഞ്ഞു 14–ാം ദിവസം യുവതിയെ ഭർതൃവീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പുതിയ വഴിത്തിരിവ്. ശ്വാസംമുട്ടിയാണ് യുവതി മരിച്ചതെന്ന് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട‍ിൽ പറയുന്നു. മുല്ലശേരി നരിയംപുള്ളി ആനേടത്ത് സുബ്രഹ്മണ്യന്റെയും ശ്രീദേവിയുടെയും മകളായ ശ്രുതി (26) മരിച്ച കേസിലാണ് നിർണായക കണ്ടെത്തൽ. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്ന തങ്ങളുടെ ആരോപണം സ്ഥിരീകരിക്കുന്നതാണ് റിപ്പോർട്ടെന്ന് അച്ഛനും അമ്മയും പ്രത‍ികരിച്ചു.

2020 ജനുവരി 6ന് ആണു പെരിങ്ങോട്ടുകരയിലെ ഭർതൃവീട്ടിൽ ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചെന്നായിരുന്നു ഭർതൃവീട്ടുകാരുടെ വാദം. എന്നാൽ, സ്ത്രീധനം കൂടുതലാവശ്യപ്പെട്ടു ശ്രുതിയെ ഭർത്താവ് അരുൺ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും കൊലപാതകമാണെന്നുംകാട്ടി ശ്രുതിയുടെ വീട്ടുകാർ പരാതി നൽകിയതോടെയാണ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഫൊറൻസിക് അനാലിസിസ് നടത്താൻ മെഡിക്കൽ ബോർഡിനെ ചുമതലപ്പെടുത്തി. മഞ്ചേരി മെഡിക്കൽ കോളജിലെ ഫൊറൻസിക് മേധാവി ഡോ. സിറിയക് ജോബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനാലിസിസ് നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ നവംബറിൽ സമർപ്പിച്ച റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരമാണ് ശ്രുതിയുടെ കുടുംബത്തിന് ലഭിച്ചത്.

ശ്വാസംമുട്ടിയാണു മരണമെന്നതാണ് റിപ്പോർട്ടിലെ അന്തിമ വിലയിരുത്തൽ. കഴുത്തിലെ പേശികളിൽ സമ്മർദമേറ്റതായും പറയുന്നുണ്ട്. അന്വേഷണം തുടരുകയാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രതികരണം. അരുണിനെയും വീട്ടുകാരെയും പോളിഗ്രാഫ് ടെസ്റ്റിനു വിധേയമാക്കിയെങ്കിലും ഫലം പുറത്തുവന്നിട്ടില്ല. അന്വേഷണം പൂർത്തിയാകാതെ നിഗമനത്തിലെത്താൻ കഴിയില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →