സംസ്ഥാനത്ത് ആദ്യമായി ഹരിത പെരുമാറ്റച്ചട്ട പാലനത്തിനും ബോധവത്കരണ പ്രവർത്തനങ്ങൾക്കുമായുള്ള കുട്ടികളുടെ സേനക്ക് പെരളശ്ശേരിയിൽ തുടക്കമായി. ഹരിത സ്റ്റുഡന്റ് പോലീസിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർവഹിച്ചു. മാലിന്യ നിർമാർജനം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് എന്ന കാഴ്ചപ്പാട് സമൂഹത്തിലേക്ക് എത്തിക്കുന്നതിൽ കുട്ടികൾക്ക് പ്രധാനപ്പെട്ട പങ്കു വഹിക്കാൻ കഴിയുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ വിദ്യാർഥികളെയാണ് കേഡറ്റുകളായി തെരഞ്ഞെടുത്തത്. ഇവർക്കായി പ്രത്യേക യൂനിഫോമും തൊപ്പിയും നൽകിയിട്ടുണ്ട്. ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തം വർധിപ്പിച്ചു കൊണ്ട് സമ്പൂർണ ശുചിത്വ പദവിയിൽ എത്തിച്ചേരുക എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യം. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്് എ വി ഷീബ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി ബിജു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്് കെ പി ബാലഗോപാലൻ, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, എസ് പി സി ട്രെയിനർ കെ രാജേഷ്, എം കെ മുരളി, എം കെ പ്രദീപൻ മാസ്റ്റർ, കെ. ഓ സുരേന്ദ്രൻ, രമേശൻ കട്ടേരി, വി സി വാമനൻ, റഊഫ് മാസ്റ്റർ, പി പി സജിത, എൻ ബീന തുടങ്ങിയവർ സംബന്ധിച്ചു.