എന്റെ കേരളം-എന്റെ അഭിമാനം’ പ്രദര്‍ശന മേളയ്ക്ക്

ഓണ്‍ലൈന്‍ സ്മരണികയുമായി വിദ്യാര്‍ത്ഥികള്‍

ഒരുക്കിയത് തിരൂര്‍ എസ്.എസ്.എം പോളിടെക്നിക്കിലെ കൂട്ടായ്മ

അക്ഷരനാട്ടില്‍ ഏഴ് ദിനരാത്രങ്ങളിലായി ആഘോഷാരവം തീര്‍ത്ത എന്റെ കേരളം പ്രദര്‍ശന മേളയ്ക്ക് ഓണ്‍ലൈന്‍ സ്മരണികയിലൂടെ പുനരാവിഷ്‌കാരം. നാനാ ഭാഗത്തുനിന്നും എത്തിയ ജനാവലി ഒരുമയോടെ ആസ്വദിച്ച മേള സമാപിച്ചപ്പോള്‍ ഓര്‍മകളെ ഓണ്‍ലൈന്‍ സ്മരണികയിലാക്കിയിരിക്കുകയാണ് തിരൂര്‍ എസ്.എസ്.എം പോളിടെക്നിക് കോളജിലെ ലീഡ് വിദ്യാര്‍ത്ഥി കൂട്ടായ്മ. കൂട്ടുകാരോടും കുടുംബത്തോടുമൊത്ത് പങ്കിട്ട ഉല്ലാസഭരിതമായ നിമിഷങ്ങളെ വിരല്‍തുമ്പില്‍ അനശ്വരമാക്കുകയാണ് എന്റെ കേരളം എക്സിബിഷന്‍ സ്റ്റാളുകളുടെ ഓണ്‍ലൈന്‍ ഗൂഗിള്‍ ആല്‍ബം. പിന്നിട്ട ഓരോ സ്റ്റാളുകളും അവ പകര്‍ന്ന അറിവും വിജ്ഞാനവും വിനോദവും ഒപ്പം നാവില്‍ വിരിഞ്ഞ രുചിപ്പെരുമയും ഇനി ഓണ്‍ലൈനിലൂടെ അറിയാം.

എസ്.എസ്.എം സെന്റര്‍ ഫോര്‍ ലോക്കല്‍ എംപവര്‍മെന്റ് ആന്റ്  സോഷ്യല്‍ ഡെവലപ്പ്മെന്റ് (ലീഡ്സ്) ആണ് സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി തിരൂരില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന മേളയുടെ ഓണ്‍ലൈന്‍ ഗൂഗിള്‍ ആല്‍ബം തയാറാക്കിയത്. മേളയില്‍ പങ്കെടുത്ത എല്ലാ സ്റ്റാളുകളുടെയും വിവരങ്ങള്‍ ഓണ്‍ലൈനായി സൂക്ഷിക്കുന്നതിനായാണ് ആല്‍ബം ഒരുക്കിയത്. സ്റ്റാളുകളുടെ ലക്ഷ്യം, നല്‍കുന്ന സേവനങ്ങള്‍, പ്രദര്‍ശന രീതി, സന്ദര്‍ശകരുടെ പ്രതികരണം, ഉപകരണങ്ങള്‍, മോഡലുകള്‍ എന്നിവയുടെ വിവര ശേഖരണവും നടത്തിയിട്ടുണ്ട് വിദ്യാര്‍ത്ഥി കൂട്ടായ്മ. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓണ്‍ലൈനില്‍ സൗജന്യമായി ഒരു സെക്വര്‍ഡ് പെര്‍മനന്റ് ക്ലൗഡ് ഡോക്യുമെന്റേഷന്‍ സാധ്യമാക്കുന്നു എന്നതാണ് സ്മരണിക കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ലീഡ് കോര്‍ഡിനേറ്റര്‍ ടി.എ മുഹമ്മദ് സിയാദ് പറഞ്ഞു. ഇദ്ദേഹത്തിന്റെ നേത്യത്വത്തില്‍ അധ്യാപകരായ വി. ശ്രീകാന്ത്, എസ്. അന്‍വര്‍ എന്നിവരും റിതുനാഥ്, അനസുദ്ദീന്‍, റിസ്വാന്‍, ഹിസാന, സഫ, അനുരാജ്, നൗഫിറ, റമീസ, നിസാം, ഷാമില്‍ റോഷന്‍ എന്നീ വിദ്യാര്‍ഥികളുമാണ് ഈ ഉദ്യമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
https://photos.app.goo.gl/GmRk2CTYFy62ZBaF6  എന്ന ലിങ്ക് വഴി സര്‍ക്കാര്‍ മെഗാമേളയിലെ കാഴ്ചകള്‍ പൊതുജനങ്ങള്‍ക്ക് കാണാനാവും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →