ഒറ്റമൂലി വൈദ്യന്റെ കൊലപാതകം : ഷൈബിൻ അഷറഫിന്റെ ഭാര്യ ഫസ്‌ന,മുൻ എഎസ്ഐ സുന്ദരൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി

മലപ്പുറം: കർണാടക സ്വദേശി ഷാബ ഷെറീഫ് കൊല കേസിൽ അറസ്റ്റിലായ ഷൈബിൻ അഷറഫിന്റെ ഭാര്യ ഫസ്‌നയും നിയമോപദേശം നൽകിയ മുൻ എഎസ്ഐ സുന്ദരൻ എന്നിവരും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി

ഷാബ ഷെറീഫിനെ തടവിൽ പാർപ്പിച്ച കാലത്തും കൊലപ്പെടുത്തിയപ്പോഴും ഫസ്ന വീട്ടിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. എഎസ്ഐ ആയിരുന്ന സുന്ദരൻ പല കാര്യങ്ങളിലും നിയമസഹായം ലഭ്യമാക്കിയിരുന്നതായി ഷൈബിൻ പൊലീസിന് മൊഴി നൽകിയിരുന്നു.ഇതേ തുടർന്ന് അറസ്റ്റ് ഒഴിവാക്കാനാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരുടേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 2022 മേയ് 25-ലേക്ക് മാറ്റി.

2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് പോയത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം.

അതിനിടെ ഷൈബിൻ അഷ്റഫ്, കൂട്ടുപ്രതി ഷിഹാബുദ്ദീൻ നിഷാദ് എന്നിവരെ അന്വേഷണസംഘത്തിന് കസ്റ്റഡിയിൽ ലഭിച്ചു. മഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയിലാണ് ലഭിച്ചത്. പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്ന് ആരംഭിച്ചു. നാളെ രാവിലെ കൊലപാതകം നടന്ന നിലമ്പൂർ മുക്കട്ടയിലെ ഇരുനില വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൂട്ടുപ്രതി നൗഷാദിന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

അതേസമയം പാരമ്പര്യ വൈദ്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലപ്പുറം പൊലീസിന്റെ കസ്റ്റഡിയിലുളള ഷൈബിൻ അഷ്റഫിനെതിരായ മറ്റ് പരാതികളിൽ അന്വേഷണം വൈകുകയാണ്. ബിസിനസ് പങ്കാളി ഹാരിസിന്റേതടക്കം മറ്റ് മൂന്ന് പേരുടെ മരണത്തിനു പിന്നിലും ഷൈബിനാണെന്ന ആരോപണം ശക്തമായിട്ടും അന്വേഷണം തുടങ്ങിയിട്ടില്ല. മുഖ്യമന്ത്രിക്കടക്കം നേരത്തെ പരാതി നൽകിയിട്ടും അന്വേഷണവും നടക്കാതെ പോയതാണ് ഷൈബിന് തുണയായതെന്ന് ഹാരിസിന്റെ കുടുംബം ആരോപിച്ചു.

കൂടത്തായ് കേസിന് സമാനമായ രീതീയിൽ ഷൈബിൻ അഷ്റഫ് കൊലപാതക പരമ്പര ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്ന ആരോപണങ്ങളും തെളിവുകളും പുറത്ത് വന്നിട്ടും അന്വേഷണമത്രയും ഇപ്പോഴും ചുറ്റിത്തിരിയുന്നത് മൈസൂർ സ്വദേശിയായ പാരമ്പര്യ വൈദ്യന്റെ കൊലപാതകത്തിൽ തന്നെയാണ്. ഷൈബിന്റെ ബിസിനസ് പങ്കാളിയായിരുന്ന ഹാരിസ്, ഹാരിസിന്റെ മാനേജർ ചാലക്കുടി സ്വദേശിയായ യുവതി, വയനാട് ബത്തേരി സ്വദേശി ദീപേഷ് എന്നിവരുടെ ദുരൂഹ മരണത്തിനു പിന്നിലും ഷൈബിൻ അഷ്റഫെന്ന ആരോപണമാണ് ബന്ധുക്കളും നാട്ടുകാരും ഉന്നയിക്കുന്നത്.

ഹാരിസിനെയും യുവതിയെയും ഷൈബിന്റെ നിർദ്ദേശപ്രകാരം തങ്ങളാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പിടിയിലുളള നൗഷാദ് അടക്കമുളള പ്രതികൾ വെളിപ്പെടുത്തുകയും തെളിവുകൾ പുറത്തുവരികയും ചെയ്തിട്ടും അന്വേഷണം തുടങ്ങിയിട്ടില്ല. വിവിധ ജില്ലകളിലും കർണാടക, അബുദാബി തുടങ്ങിയ സ്ഥലങ്ങളിലുമായ നടന്ന കുറ്റകൃത്യങ്ങളായതിനാൽ മലപ്പുറം പൊലീസിന് മാത്രമായി അന്വേഷണം നടത്തുന്നതിന് പരിമിതിയുണ്ട്. ഈ സാഹചര്യത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉന്നതതല അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

തന്നെ വധിക്കാനെത്തിയ ക്വട്ടേഷൻ സംഘത്തെക്കുറിച്ച് ഹാരിസ് കൃത്യമായ വിവരം പൊലീസിന് നൽകുകയും പൊലീസ് ഈ സംഘത്തെ പിടകൂടുകയും ചെയ്തിട്ടും പിന്നീട് കാര്യമായ അന്വേഷം നടക്കാതെ പോയതാണ് വിനയായതെന്ന് ഹാരിസിന്റെ കുടുംബം പറയുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കും ഹാരിസ് പരാതിയുടെ തെളിവുകളും ഇവർ പുറത്ത് വിട്ടു. ഒടുവിൽ സ്വയരക്ഷയ്ക്കായി ഹാരിസ് തോക്കിന് അപേക്ഷ നൽകുകയും ചെയ്തിരുന്നു.

ബത്തേരി സ്റ്റേഷനിലെ മുൻ എസ്ഐ സുന്ദരൻ അടക്കം പൊലീസ് ഉദ്യോഗസ്ഥരും ഷൈബിൻറെ സഹായികളായി പ്രവർത്തിച്ചിരുന്നു. തെളിവുകളില്ലാതെ കൊലപാതകങ്ങൾ നടത്താൻ ഷൈബിനെ ഈ ഘടകങ്ങളെല്ലാം സഹായിച്ചെന്ന വിവരങ്ങൾകൂടി പുറത്തുവരുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →