സൂപ്പര്‍ കിങ്സിന് ഒന്‍പതാം തോല്‍വി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് 15-ാം സീസണില്‍ നിലവിലെ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് ഒന്‍പതാം തോല്‍വി. സൂപ്പര്‍ കിങ്സിനെ ഗുജറാത്ത് ടൈറ്റന്‍സ് ഏഴ് വിക്കറ്റിനാണു തോല്‍പ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്സ് അഞ്ച് വിക്കറ്റിന് 133 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഗുജറാത്ത് കളി തീരാന്‍ അഞ്ച് പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. 57 പന്തില്‍ ഒരു സിക്സറും എട്ട് ഫോറുമടക്കം 67 റണ്ണുമായി പുറത്താകാതെനിന്ന ഓപ്പണറും വിക്കറ്റ് കീപ്പറുമായ വൃദ്ധിമാന്‍ സാഹ ഗുജറാത്തിന്റെ ജയം അനായാസമാക്കി.ഡേവിഡ് മില്ലര്‍ 20 പന്തില്‍ 15 റണ്ണുമായി സാഹയ്ക്കു കൂട്ടായിനിന്നു. ശുഭ്മന്‍ ഗില്‍ (17 പന്തില്‍ 18), മാത്യു വേഡ് (15 പന്തില്‍ 20), നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (ആറ് പന്തില്‍ ഏഴ്) എന്നിവരാണ് പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് ഡെവണ്‍ കോണ്‍വേയെ (അഞ്ച്) ആദ്യമേ നഷ്ടമായി. ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദ് (49 പന്തില്‍ ഒരു സിക്സറും നാല് ഫോറുമടക്കം 53), നാരായണ്‍ ജഗദീശ് (33 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 39) എന്നിവര്‍ ചേര്‍ന്നാണു ചെന്നൈയെ മുന്നോട്ട് നയിച്ചത്. ഋതുരാജ് പുറത്താകുന്നതിന് മുമ്പ് മോയീന്‍ അലിയുമായി (17 പന്തില്‍ രണ്ട് സിക്സറടക്കം 21) 57 റണ്ണും ജഗദീശുമായി 48 റണ്ണും നേടി. ശിവം ദുബെ (0), നായകന്‍ ്എം.എസ്. ധോണി (10 പന്തില്‍ ഏഴ്) എന്നിവരും പുറത്തായി. മിച്ചല്‍ സാന്റ്നര്‍ ഒരു റണ്ണുമായിനിന്നു. മുഹമ്മദ് ഷമി രണ്ട് വിക്കറ്റും റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, രവി ശ്രീനിവാസന്‍ സായ് കിഷോര്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.

സൂപ്പര്‍ കിങ്സ് 13 കളികളില്‍നിന്ന് എട്ട് പോയിന്റാണു നേടിയത്. ഡെത്ത് ഓവറില്‍ സി.എസ.്‌കെ. വിരസമായ ബാറ്റിങ് പുറത്തെടുത്തു. ടൈറ്റന്‍സുമായുള്ള അപ്രസക്തമായ മല്‍സരത്തില്‍ ഡെത്ത് ഓവറില്‍ ഒരു ബൗണ്ടറി പോലും നേടാനാവാതെയാണ് നിലവിലെ ചാമ്പ്യന്‍ ദുരന്തമായത്. എട്ടു വിക്കറ്റുകള്‍ കൈവശമുണ്ടായിട്ടും അവസാനത്തെ അഞ്ചോവറില്‍ 24 റണ്ണാണു ചെന്നൈ നേടിയത്. മൂന്നു വിക്കറ്റുകളും കളഞ്ഞുകുളിച്ചു. 15 ഓവറുകള്‍ കഴിയുമ്പോള്‍ ചെന്നൈ രണ്ടു വിക്കറ്റിനു 109 റണ്ണെന്ന നിലയിലായിരുന്നു. ഓസ്ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു സൈമണ്ട്സിനോടുള്ള ആദരസൂചകമായി കറുത്ത ആംബാന്‍ഡ് ധരിച്ചാണ് ഇരുടീമുകളും കളിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →