സാമൂഹിക പ്രതിബദ്ധതയുള്ള പുതുതലമുറയെ വാർത്തെടുക്കുകയാണ് ‘ഫ്യൂച്ചറി’ന്റെ ലക്ഷ്യം- മന്ത്രി മുഹമ്മദ് റിയാസ്

ആർപ്പോയ്; ആവേശമായി അവധിക്കാല ക്യാമ്പ് 

സാമൂഹിക പ്രതിബദ്ധതയുള്ള പുതുതലമുറയെ വാർത്തെടുക്കുകയാണ് ബേപ്പൂരിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘ഫ്യൂച്ചറി’ന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പദ്ധതിയുടെ ഭാഗമായി നടത്തുന്ന ആർപ്പോയ് അവധിക്കാല ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കടലുണ്ടിയിൽ വെച്ചു നടന്ന ചടങ്ങിൽ ആർപ്പോയ് ക്യാമ്പ് നടക്കുന്ന വീട്ടുപറമ്പിൽ മന്ത്രി ഓർമമരം നട്ടു.

ഭാവിയിലേക്കുള്ള വിദ്യാഭ്യാസമെന്നതാണ് ഫ്യൂച്ചർ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ക്ലാസ് മുറികളിലെ വിദ്യാഭ്യാസത്തോടൊപ്പം സ്വന്തം നാടിനോട് പ്രതിബദ്ധതയുള്ള പൗരന്മാരെ സൃഷ്ടിക്കുക എന്നതും പദ്ധതി ലക്ഷ്യംവെക്കുന്നു. രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും പിന്തുണയോടെയാണ് പരിപാടി നടത്തുന്നത്. പഠനത്തിൽ മികവു പുലർത്തുന്ന കുട്ടികൾക്ക് മത്സരപരീക്ഷകൾക്കുള്ള പ്രത്യേക പരിശീലനങ്ങൾ, സാങ്കേതിക വിദ്യകളെ പരമാവധി ഉപയോഗിച്ചുകൊണ്ടുള്ള വിദ്യാഭ്യാസരീതി, കോവിഡാനന്തര കാലത്തിന്റെ പ്രത്യേകതകൾ ഉൾക്കൊണ്ടുള്ള കായികാരോഗ്യവിദ്യാഭ്യാസ പരിപാടികൾ എന്നതൊക്കെയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം, ശുചിത്വ ബോധം, ജലസംരക്ഷണം, സ്വയരക്ഷ, മറ്റു കലാ-കായിക വിഷയങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ക്യാമ്പ് നടത്തുന്നത്- മന്ത്രി പറഞ്ഞു.

ബേപ്പൂർ മണ്ഡലം ഡെവലപ്മെന്റ് മിഷൻ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഫ്യൂച്ചറിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പതിനഞ്ചാം വാർഡിലെ മൂന്ന് മുതൽ എട്ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. നാലു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ വ്യത്യസ്ത സ്കൂളുകളിൽ നിന്നുമായി അൻപതിലധികം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. കുട്ടികളുടെ അവധിക്കാലം ഉല്ലാസകരമാക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം. എല്ലാ വാർഡുകളിലും ക്യാമ്പ് സംഘടിപ്പിക്കും.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ കോ-ഓഡിനേറ്റർ അബ്ദുൾ ഹക്കിം പദ്ധതി വിശദീകരിച്ചു. ഡെവലപ്മെൻ്റ് മിഷൻ അംഗം കുന്നത്ത് വേണുഗോപാൽ, എ.ഇ.ഒ ടി. അജിത്ത് കുമാർ, ഫ്യൂച്ചർ പദ്ധതിയുടെ കൺവീനർ പി.പി. രാമചന്ദ്രൻ, കോ-ഓഡിനേറ്റർ എം. അനൂപ് തുടങ്ങിയവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →