കുമാരസ്വാമിയിൽ വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ചേളന്നൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി കുമാരസ്വാമിയിൽ നിർമിച്ച ‘ടേക്ക് എ ബ്രേക്ക്’ വഴിയോര വിശ്രമ കേന്ദ്രം വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൃത്തിയും വെടിപ്പുമുള്ള ചുറ്റുപാട് സൃഷ്ടിക്കാൻ കാലോചിതമായ വികസനങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 

യാത്രയ്ക്കിടെ ആളുകളുടെ വിശ്രമം ലക്ഷ്യമിട്ട് നിർമിച്ചതാണ് വഴിയോര വിശ്രമ കേന്ദ്രങ്ങൾ. ഇതിന്റെ കാവൽക്കാർ അത് ഉപയോഗിക്കുന്നവരും അതാത് പ്രദേശങ്ങളിലെ ആളുകളും തന്നെയാണ്. മേൽനോട്ട ചുമതല നിർവഹിക്കാൻ പ്രാദേശിക കൂട്ടായ്മകൾ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏതു സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കാൻ സാധിക്കുന്ന ശുചിമുറികളും മറ്റ് സൗകര്യങ്ങളും അടങ്ങിയതാണ് ടേക്ക് എ ബ്രേക്ക് പദ്ധതി. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല. 15.42 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. 

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.കെ. കവിത, സി.പി. നൗഷീർ, പി. സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഇ. ശശീന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ജോയ്കുമാർ, പഞ്ചായത്ത് അംഗങ്ങൾ,  രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,  ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം ടി. വത്സല സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ജോയ് കുമാർ നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →