ആലപ്പുഴയില്‍ പുതുതായി പതിനായിരത്തോളം സംരംഭങ്ങള്‍ ആരംഭിക്കും-മന്ത്രി പി. രാജീവ്

ബഹുനില വ്യവസായ സമുച്ചയം തുറന്നു

ആലപ്പുഴ: ഈ വര്‍ഷം കേരളത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴയില്‍ 9,666 സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പുന്നപ്ര വ്യവസായ എസ്റ്റേറ്റില്‍ നിര്‍മിച്ച ബഹുനില വ്യവസായ സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധോദ്ദേശ്യ വ്യാപാര പ്രോത്സാഹന കേന്ദ്രത്തിന്റെയും ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും നിര്‍മ്മാണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

പൊതുമേഖലയില്‍ ഒരുപാട് മാറ്റങ്ങള്‍ വരികയാണ്. ജോലി തേടി ഓഫീസുകള്‍ കയറിറങ്ങുന്ന സ്ഥിതി മാറി ഉദ്യോഗാര്‍ഥികളെയും സംരംഭകരെയും സര്‍ക്കാര്‍ തേടിയെത്തുകയാണ്.  വ്യവസായ പാര്‍ക്കുകളുടെ മുഖം മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 

ജില്ലയില്‍ വ്യവസായ സംരംഭങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് ബഹുനില വ്യവസായ എസ്റ്റേറ്റ് എന്ന ആശയത്തില്‍ സമുച്ചയം നിര്‍മിച്ചത്. പ്രാരംഭ ഘട്ടത്തില്‍ 15 കോടി രൂപയുടെ നിക്ഷേപവും 750 പേര്‍ക്ക് തൊഴിലവസരവും സൃഷ്ടിക്കാന്‍ വ്യവസായ സമുച്ചയത്തിലെ പുതു സംരംഭങ്ങള്‍ക്ക് കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നരായ വീട്ടമ്മമാരുള്ള നാട് കേരളമാണ്. ഓരോ സ്ഥലത്തും കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു. 

വ്യവസായ സമുച്ചയ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി.

വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ. സുധീര്‍, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജിതാ സതീശന്‍, ഗ്രാമപഞ്ചായത്ത് അംഗം വിശാഖ് വിജയന്‍, കിറ്റ്കോ മാനേജിംഗ് ഡയറക്ടര്‍ ഡബ്ലിയു.ആര്‍. ഹരിനാരായണ രാജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സി.ഒ രഞ്ജിത്ത്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എം. പ്രവീണ്‍, കെ.എസ്.എസ്.ഐ.എ ആലപ്പുഴ പ്രസിഡന്റ് വി.കെ ഹരിലാല്‍, വാടയ്ക്കല്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.വി രാജ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →