ഭിന്നശേഷി സൗഹൃദമായ കേരളമെന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം – മന്ത്രി മുഹമ്മദ്‌ റിയാസ്

ഭിന്നശേഷി സൗഹൃദമായ കേരളമെന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നു ടൂറിസം പൊതുമരാമത്തു വകുപ്പു മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്. ഭിന്നശേഷി കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരള സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച തൊഴിലധിഷ്ഠിത പുനരധിവാസ പദ്ധതിയായ എസ്റ്റീമിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഭിന്നശേഷി മേഖലയിൽ സമഗ്രമാറ്റത്തിന് കാര്യമായ പങ്കു വഹിക്കുന്ന രീതിയിലുള്ള ഇടപെടലുകളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. കാലത്തിന്റെ പ്രധാന ഉത്തരവാദിത്തമാണ് ഇത്തരത്തിലുള്ള മാതൃകാ പ്രവർത്തനങ്ങളെന്നും മന്ത്രി പറഞ്ഞു. എസ്.എസ്.കെയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പ് കുട്ടികളുടെ കഴിവ് തിരിച്ചറിയാനും ജീവിതത്തെ അർത്ഥപൂർണ്ണമാക്കുവാനും സഹായിക്കും. 

കൊളത്തറ സി.എച്ച്.എസ്.എസിൽ നടക്കുന്ന 60 ദിന റെസിഡൻഷ്യൽ ക്യാമ്പിൽ കാഴ്ചപരിമിതിയുള്ളവരും കേൾവി പരിമിതിയുള്ളവരുമായ 30 കുട്ടികളാണ് പങ്കെടുക്കുന്നത്. പരിശീലനത്തിന്റെ ഒന്നാം ഘട്ടത്തിനായി 13 ലക്ഷത്തോളം രൂപയാണ് സമഗ്ര ശിക്ഷാ കേരളം നീക്കിവെച്ചിട്ടുള്ളത്.

കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർ എസ്.വൈ. ഷൂജ പദ്ധതി വിശദീകരിച്ചു. കൗൺസിലർ മൈമൂന ടീച്ചർ, സി.ഐ.സി.എസ്.കൊളത്തറ സെക്രട്ടറി അഡ്വ. എം. മുഹമ്മദ്‌, കോമ്പോസിറ്റ് റീജിയണൽ ഡയറക്ടർ ഡോ. റോഷൻ ബിജിലി, ജില്ലാ പ്രോഗ്രാം ഓഫീസർ വി.ടി. ഷീബ തുടങ്ങിയവർ പങ്കെടുത്തു. എസ്.എസ്.കെ. അഡീഷണൽ സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടർ ആർ.എസ്. ഷിബു സ്വാഗതവും ജില്ലാ പ്രൊജക്റ്റ്‌ കോ-ഓഡിനേറ്റർ ഡോ. എ.കെ. അബ്ദുൾ ഹക്കീം നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →