കലാകാരന്മാരുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യവെ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് അടിവസ്ത്രത്തില്‍ നിര്‍ത്തി

സിദ്ധി (മധ്യപ്രദേശ്): പൊലീസ് സ്റ്റേഷനില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്ത് അടിവസ്ത്രത്തില്‍ നിര്‍ത്തി. ഏപ്രില്‍ രണ്ടിന് സിദ്ധി ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. എട്ട് പേര്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മുന്‍പില്‍ അര്‍ധ നഗ്‌നരായി നില്‍ക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.ഒരു വാര്‍ത്ത ചാനലിന്റെ സ്ട്രിംഗറായി ജോലി ചെയ്യുന്ന യൂട്യൂബ് ജേണലിസ്റ്റായ കനിഷ്‌ക് തിവാരിയേയും കാമറമാനെയുമാണ് പൊലീസുകാര്‍ അറസ്റ്റ് ചെയ്ത് അടിവസ്ത്രത്തില്‍ നിര്‍ത്തിയത്. പൊലീസ് സ്റ്റേഷന് സമീപം നാടക കലാകാരന്മാരുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യവെയായിരുന്നു സംഭവം. ബിജെപി എംഎല്‍എ കേദാര്‍നാഥ് ശുക്ലക്കെതിരെ സമൂഹ മാധ്യമത്തില്‍ മോശം പരാമര്‍ശം നടത്തിയതിന് നാടക കലാകാരന്‍ നീരജ് കുന്ദറിനെ അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം.

പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കനിഷ്‌ക് തിവാരിയെയും കാമറ മാനെയും ആറ് പ്രതിഷേധക്കാരെയും അറസ്റ്റ് ചെയ്ത് അര്‍ധ നഗ്‌നരാക്കി നിര്‍ത്തി. അറസ്റ്റിലായവരെ ലോക്കപ്പില്‍ അടക്കുകയും മര്‍ദിക്കുകയും ചെയ്തു. അറസ്റ്റിലായവരെ അക്രമികള്‍ എന്ന് വിളിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഐപിസി 151-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കരുതല്‍ തടങ്കലിലാക്കി. ഏപ്രില്‍ മൂന്നിനാണ് എട്ട് പേര്‍ക്കും ജാമ്യം നല്‍കിയത്.

എംഎല്‍എക്കെതിരെ വാര്‍ത്ത നല്‍കിയാല്‍ തന്നെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്ത് നഗ്‌നരാക്കി നഗരത്തിലൂടെ നടത്തിക്കുമെന്ന് പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള അഭിഷേക് സിങ് പരിഹാര്‍ ഭീഷണിപ്പെടുത്തിയെന്ന് കനിഷ്‌ക് തിവാരി പറഞ്ഞു. ഏപ്രില്‍ രണ്ട് രാത്രി എട്ട് മണിയോടെ അറസ്റ്റ് ചെയ്യുകയും അടുത്ത ദിവസം വൈകുന്നേരം ആറ് മണി വരെ മര്‍ദിച്ചുവെന്നും അദ്ദേഹം പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →