ചെന്നൈ: തക്കാളി വഴിവക്കില്‍ത്തള്ളി തമിഴ്നാട്ടിലെ കര്‍ഷകര്‍. തക്കാളി കിലോയ്ക്കു രണ്ടു രൂപ മാത്രമായതോടെയാണു കര്‍ഷകരുടെ കടുംെകെ. മൂന്നു മാസം മുമ്പ് കിലോയ്ക്ക് 100-150 രൂപയായിരുന്ന തക്കാളിവിലയാണ് കുത്തനെ ഇടിഞ്ഞത്. ഉല്പാദനം വര്‍ധിച്ച് തക്കാളി സുലഭമായതാണ് കര്‍ഷകര്‍ക്ക് ഇരുട്ടടിയായത്. ഇതിനൊപ്പം ഇടനിലക്കാരും വ്യാപാരികളും ചേര്‍ന്നതോടെ വില ഒറ്റയക്കത്തിലെത്തി. കിലോയ്ക്കു രണ്ടു രൂപയാണു വാഗ്ദാനം ചെയ്തതെന്നു കര്‍ഷകര്‍ പറഞ്ഞു.
വായ്പയെടുത്തുംമറ്റും വന്‍തോതില്‍ കൃഷിയിറക്കിയ തങ്ങളുടെ വിയര്‍പ്പിനു പോലും വിലകല്‍പ്പിക്കാത്ത ചെയ്തിയാണിതെന്ന് പലരും പരിതപിച്ചു. പാലക്കോട്, മരന്ദഹള്ളി, അറൂര്‍, പാപ്പിറെഡ്ഡിപ്പട്ടി തുടങ്ങിയ മേഖലകളിലെ കര്‍ഷകരാണ് തക്കാളി കൃഷിചെയ്ത് വെട്ടിലായത്. ഇതോടെ ചിലര്‍ വിളവെടുപ്പിനു മുതിരാതെ കൃഷിയിടങ്ങളില്‍ത്തന്നെ ചീഞ്ഞ് അടുത്തവിളയ്ക്കു വളമാകട്ടെയെന്ന് ഒരുവിഭാഗം കര്‍ഷകര്‍ തീരുമാനിച്ചു. മറ്റു ചിലരാകട്ടെ വിളവെടുത്ത തക്കാളി റോഡ്വക്കില് ഉപേക്ഷിച്ചു. കന്നുകാലികളും കുരങ്ങന്മാരും ഇതു ഭക്ഷണമാക്കുന്നത് തമിഴ്നാട്ടിലെ പതിവു കാഴ്ചയായി. തക്കാളിക്കു സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്ക് ഈ ദുര്‍ഗതി വരില്ലായിരുന്നെന്നാണ് കര്‍ഷകര്‍ പറയുന്നത്. കര്‍ഷകരില്‍നിന്നു രണ്ടു രൂപയ്ക്കു വാങ്ങുന്ന തക്കാളിക്കു കിലോയ്ക്ക് അഞ്ചു രൂപയാണ് സംസ്ഥാനത്തെ പൊതുവിപണിയിലെ വില.

