ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകിയ ജില്ലയിലെ പഞ്ചായത്തുകളിൽ മുന്നിലെത്തി പാഞ്ഞാൾ ഗ്രാമപ്പഞ്ചായത്ത്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ 1085 കുടുംബങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ നൽകിയാണ് പാഞ്ഞാൾ ഈ നേട്ടം കരസ്ഥമാക്കിയത്.
കോവഡ് പ്രതിസന്ധികൾക്കിടയിലും കൃത്യമായി ആക്ഷൻ പ്ലാൻ നടപ്പിലാക്കാനും മുന്നോട്ട് പോകാനും കഴിഞ്ഞതാണ് നേട്ടത്തിന് കാരണം. തൊഴിൽദിനങ്ങളിൽ കോവിഡിന്റെ എല്ലാ നിബന്ധനകളും പാലിച്ചു കൊണ്ടാണ് പണിയിടങ്ങളിൽ പോയിരുന്നത്. ആക്ഷൻ പ്ലാൻ അനുസരിച്ചുള്ള പ്രോജക്ടുകൾ പൂർത്തീകരിക്കാനും കഴിഞ്ഞു.
ബ്ലോക്കിലെയും പഞ്ചായത്തിലെയും ഉദ്യോഗസ്ഥർക്ക് കൃത്യമായ നിർദേശങ്ങൾ യഥാസമയം കൊടുക്കുകയും, അവർ കൃത്യമായി നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ പ്രവർത്തനഫലമാണ് പഞ്ചായത്തിന്റെ ഈ നേട്ടം. പരമാവധി പേർക്ക് തൊഴിൽ നൽകുന്ന വിധത്തിലുള്ള കൃത്യമായ ആക്ഷൻ പ്ലാൻ ആണ് നേട്ടത്തിന് കാരണമായതെന്നും പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡൻറ് വി.തങ്കമ്മ പറഞ്ഞു.
നേട്ടം കരസ്ഥമാക്കിയ പാഞ്ഞാൾ പഞ്ചായത്തിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം.അഷറഫ് അഭിനന്ദിച്ചു. എം. ജി.എൻ. ആർ. ഇ അസിസ്റ്റന്റ് സെക്രട്ടറി ബേബി വത്സല, പഞ്ചായത്ത് സെക്രട്ടറി ആൽബർട്ട് സോജൻ, ബ്ലോക്ക് പ്രോഗ്രാം ഓഫിസർ എ. ഗണേഷ്, ജോയിന്റ് ബി.ഡി.ഒ. ജഗദീഷ് വി എന്നിവരാണ് പദ്ധതി നിർവഹണത്തിന് നേതൃത്വം നൽകിയത്.