സിപിഐക്കെതിരെ ചിന്ത വാരികയിൽ വന്ന കാര്യങ്ങൾ തെറ്റ്; ലേഖനത്തെ തള്ളി കോടിയേരി

തിരുവനന്തപുരം: ചിന്ത- നവയുഗം വിവാദത്തിൽ ചിന്ത വാരികയിൽ വന്ന ലേഖനത്തെ തള്ളിപ്പറഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സിപിഐ ക്കെതിരെ ചിന്ത വാരികയിൽ വന്ന കാര്യങ്ങൾ തെറ്റാണെന്ന് അദ്ദേഹം പ്രതികരിച്ചു. സിപി ഐ എമ്മും-സി പി ഐയും തമ്മിൽ പ്രശ്നങ്ങളില്ല. വിവാദങ്ങൾ അവസാനിപ്പിക്കണം. വിവാദം ഒഴിവാക്കാൻ ചിന്തയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ചിന്ത നവയുഗം വഴിയുള്ള വിവാദങ്ങൾ അനവസരത്തിനുള്ളത്. സിപി ഐയുടെ നവയുഗം വാരികയിലും ചില കാര്യങ്ങൾ എഴുതിയിട്ടുണ്ടെന്നും ഇടപെടൽ വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രസിദ്ധീകരണമായ ചിന്തയിൽ വന്ന തിരുത്തൽ വാദത്തിന്റെ ചരിത്രവേരുകൾ എന്ന ലേഖനത്തിലാണ് സിപിഐയെ നിശിതമായി വിമർശിക്കുന്നത്. കമ്യുണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ട പാർട്ടിയായിരുന്നു സിപിഐ എന്നും സ്വന്തം സഖാക്കളെ ജയിലിൽ അടച്ചവർ സന്ദർഭം കിട്ടിയപ്പോഴൊക്കെ ബൂർഷ്വാ പാർട്ടികൾക്ക് ഒപ്പം അധികാരം പങ്കിട്ടുവെന്നും ലേഖനത്തിൽ വിമർശിക്കുന്നു.

ഇതോടെ ചിന്തക്ക് മറുപടിയുമായി സിപിഐയുടെ പ്രസിദ്ധീകരണമായ നവയുഗം രംഗത്തെത്തി. തെറ്റ് തിരുത്താത്ത പാർട്ടിയാണ് സിപിഐ എമ്മെന്നും നുണകളാണ് ചിന്ത പ്രചരിപ്പിക്കുന്നതെന്നും നവയുഗത്തിലെ ലേഖനം കുറ്റപ്പെടുത്തുന്നു. ചിന്തയിലെ ആരോപണങ്ങൾക്ക് മറുപടിയെന്ന് വ്യക്തമായി പറഞ്ഞ് കൊണ്ടാണ് ‘തിരിഞ്ഞു കൊത്തുന്ന നുണകൾ’ എന്ന പേരിൽ സിപിഐഎമ്മിനെ കടന്നാക്രമിക്കുന്ന ലേഖനം. ശരിയും തെറ്റും അംഗീകരിക്കാൻ സിപിഐഎമ്മിന് ഒരിക്കലും കഴിഞ്ഞിട്ടില്ലെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →