മാർച്ച് 30ന് ബജറ്റ് അവതരണത്തിന് ചേർന്ന തൃശൂർ നഗരസഭാ യോഗം തല്ലിൽ കലാശിച്ചത് വാർത്തയാണിപ്പോൾ. ജനപ്രതിനിധി സഭകളിലെ തല്ലും അക്രമവും സംസ്കാര ഭദ്രമല്ലാത്ത വാർത്തയാണ്. പക്ഷേ അതും യാഥാർത്ഥ്യമാണ്. കേരളവും കേരള നിയമസഭയും അതിൽ നിന്നു ഭിന്നവുമല്ല. അതൊരു പ്രശ്നം.
തൃശ്ശൂരിലെ പ്രശ്നം മറ്റൊന്നാണ്. ജനാധിപത്യപരമായി ജനപ്രതിനിധി സഭകളിൽ പ്രവർത്തിക്കുന്നതിനു വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും ചട്ടങ്ങളും ഇല്ലാത്തതിന്റെ പ്രശ്നമാണത്.
കേന്ദ്ര സർക്കാരിൻറെ പദ്ധതിയാണ് അമൃത സിറ്റി. പഴയ നഗരമായ തൃശ്ശൂരിനെ അതിൽ പെടുത്തിയിട്ടുണ്ട്. ഗുണമുള്ള മാർഗ്ഗനിർദ്ദേശങ്ങളും പണവും അതിൻപ്രകാരം കേന്ദ്ര സർക്കാരിൽ നിന്നു കിട്ടും. ഇതിനായി ഒരു മാസ്റ്റർ പ്ലാൻ സമർപ്പിക്കേണ്ടതുണ്ട്. നഗരസഭയിൽ അവതരിപ്പിച്ച് ചർച്ച ചെയ്യാതെ ഇത് സമർപ്പിച്ചു എന്ന് പറഞ്ഞാണ് ബജറ്റ് അവതരണം തടസ്സപ്പെടുത്തി പ്രശ്നങ്ങൾ ആരംഭിച്ചത്. അതു തല്ലായി മാറി. വനിതകൾക്കും മർദ്ദനമേറ്റു.
തീരുമാനങ്ങൾ തല്ലിനു ശേഷം വിജയിച്ചവർക്ക് അനുകൂലമായി എടുക്കുന്ന സ്ഥിതി മധ്യകാല കേരളത്തെയാണ് അനുസ്മരിപ്പിക്കുന്നത്. തർക്കങ്ങൾ പരിഹരിച്ചിരിക്കുന്നത് അങ്കത്തിലൂടെയായിരുന്നു. അന്ന് യൂറോപ്പിലാകട്ടെ ബന്ധപ്പെട്ട കക്ഷികൾ തമ്മിൽ ആണ് ഏറ്റുമുട്ടിയിരുന്നത്. കേരളത്തിൽ ഇതിന് പ്രത്യേകം ആളുകൾ ഉണ്ടായിരുന്നു. നായന്മാരും ചേകവന്മാരും മാത്രമല്ല കോഴികളും ഈ വിധത്തിൽ പരിശീലനം നേടി അങ്കം വെട്ടി തർക്കങ്ങൾ പരിഹരിച്ചിരുന്നു!
ശരിയും തെറ്റും ആയിരുന്നില്ല തീരുമാനത്തെ സ്വാധീനിച്ചിരുന്നതെന്ന് വ്യക്തമാണല്ലോ. അന്നത്തെ ഭരണ രീതി മാറി. ജനങ്ങളുടെ ആധിപത്യവും അവരുടെ പ്രതിനിധികളിലൂടെ അത് നിർവഹിക്കുന്ന രീതിയും വന്നെങ്കിലും നിർവഹിച്ചു വരുമ്പോൾ ഭരണം പാരമ്പര്യരീതിയിൽ ആയി മാറുന്നു. പാരമ്പര്യം എന്നാൽ പരമ്പരയായി പരിശീലിച്ച് വന്നതെന്ന് അർത്ഥം. ജനാധിപത്യം ഇന്നലെ കുരുത്ത തകരയാണ് . അതു അത്ര ശക്തമല്ല. അതുകൊണ്ട് പുതിയ ഒരു പ്രശ്ന നിമിഷത്തെ നേരിടുമ്പോൾ മനസ്സ് പാരമ്പര്യത്തിലേക്ക് വഴുതും. തലമുറകൾ നടന്ന പരിചയമുള്ള വഴിയാണ്. അതുകൊണ്ട് വഴി തെറ്റില്ല. ജനാധിപത്യത്തിൻറെ വഴി പുതിയതാണ്. അധികം പേർ നടന്ന് തെളിഞ്ഞിട്ടില്ല. സന്ദേഹമുണ്ടാകുന്ന ചില ജംഗ്ഷനുകളിൽ വഴി വ്യക്തവുമല്ല. ഇനി എന്ത് ചെയ്യണം ? എങ്ങോട്ട് തിരിയണം? പ്രശ്നങ്ങൾ വാ തുറന്നു നിൽക്കുമ്പോൾ വഴിതെറ്റലിൻറെ പേടി കൂടും. അപ്പോൾ നിശ്ചയമുള്ള പഴയ വഴിയാണ് എളുപ്പം. അവിടെ ഒരു സ്കിസോഫ്രേനിയ രോഗിക്ക് ലഭിക്കുന്ന പോലെ ഇല്ലാത്ത വ്യക്തികളും ശബ്ദങ്ങളും മാർഗ്ഗ നിർദ്ദേശവുമായി എത്തുന്നു. കൃത്യവും വ്യക്തവുമായ നിർദ്ദേശങ്ങൾ തന്നെയാണ്. മനോരോഗിയിലും ഈ നിർദ്ദേശങ്ങൾ ഉറവെടുക്കുന്നത് പൂർവകാലത്തിൽ നിന്നാണ്.
ഇതേവിധം കൃത്യവും വ്യക്തവുമായ മാർഗനിർദ്ദേശമാണ് തൃശ്ശൂർ നഗരസഭയ്ക്കും ലഭിച്ചത്. അങ്കം വെട്ടി തീർപ്പാക്കുക! ബഡ്ജറ്റ് ആയാലും മാസ്റ്റർ പ്ലാൻ ആയാലും തല്ലിൽ ജയിക്കുന്നവർ പറയുന്നത് ശരി !!
ജനാധിപത്യത്തിൽ നിന്ന് ദേശവാഴി-നാടുവാഴി പാരമ്പര്യങ്ങളുടെ പ്രേതബാധ അത്രവേഗം ഒഴിപ്പിക്കാനാവില്ല. ഇത് ചരിത്രസത്യമാണ്. ഭരണഘടനയും ജനാധിപത്യവും ഇന്ദിരാഗാന്ധി സസ്പെൻഡ് ചെയ്തത് ഈ പ്രേതബാധയുടെ പേരിലാണ്. മുഗൾ പാദുഷമാരുടേയും നാടുവാഴികളുടെയും പ്രേതബാധയായിരുന്നു. ദേശവഴി-നാടുവാഴി പാരമ്പര്യങ്ങളും അതിൽനിന്നുള്ള പ്രേതബാധയും കേരളത്തിൽ കൂടുതലാണ്.
പാരമ്പര്യം എളുപ്പവഴിിയാണ്. മുൻതലമുറകൾ നടന്നുതേഞ്ഞ വഴികളിലൂടെ സുഖം സഞ്ചാരം. കണ്ണുകെട്ടി സ്വപ്നം കണ്ടു നടന്നാലും വഴി തെറ്റില്ല. ശ്രദ്ധ വേണ്ട, ജാഗ്രത വേണ്ട, ടെൻഷനില്ല. സുഖയാത്ര !!
ലേഖകൻ സമദർശിയുടെ ചീഫ് എഡിറ്ററാണ്. ഫോൺ: 8281058888