ദേവികുളം: മൂന്നാറിൽ പണിമുടക്കിമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ ദേവികുളം എം എൽ എ രാജയെ കയ്യേറ്റം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. മൂന്നാർ എസ്ഐ സാഗറിനെ ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോയിലേക്കാണ് സ്ഥലം മാറ്റിയത്. എസ്പിയുടെതാണ് ഉത്തരവ്. 2022മാർച്ച 29 ന് ഉച്ചക്കാണ് പണിമുടക്ക് പ്രതിഷേധത്തിനിടെ എസ് ഐ എംഎൽഎയെ മർദ്ദിച്ചത്.
പൊതുയോഗം നടക്കുന്നതിന് മുന്നിൽ നിൽക്കുന്ന ട്രേഡ് യൂണിയൻ പ്രവർത്തകരുമായി പൊലീസ് ഉദ്യോഗസ്ഥൻ വാക്കേറ്റം നടത്തുകയായിരുന്നു. തുടർന്ന് പിന്നാലെയെത്തിയ എസ് ഐ സാഗർ പ്രവർത്തകരെ തള്ളിമാറ്റി. ഇത് തടയുന്നതിനെത്തിയ എം എൽ എയ്ക്കും മർദ്ദന മേൽക്കുകയായിരുന്നു.
സംഭവത്തിൽ ശക്തമായ നിയമ നടപടി ആവശ്യപ്പെട്ട് സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി ശശി രംഗത്തെത്തിയിരുന്നു. മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനാണ് സംഘർഷമുണ്ടാക്കിയതെന്നും കെ വി ശശി പറഞ്ഞു. രണ്ട് ദിവസമായിട്ട് ഇടുക്കിയിൽ നടക്കുന്ന പണിമുടക്ക് സമാധാനപരമായിട്ടാണ് മുമ്പോട്ട് പോയത്. ഒരിടത്തും ഒരു സംഘർഷവും ഉണ്ടായിട്ടില്ല. മൂന്നാറിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മാത്രമാണ് സംഘർഷത്തിന് കാരണമായത്. സംഘർഷത്തിൽ സി പി ഐ എം ജില്ലാ കമ്മറ്റി അംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ടെന്നും മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനും, എസ് ഐയ്ക്കുമെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും സി പി ഐ എം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

