അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കാഞ്ചേരി മണ്ഡലത്തിലെ കോളനികളുടെ വികസനത്തിന് രണ്ട് കോടി രൂപയുടെ ഭരണാനുമതിയായി. വടക്കാഞ്ചേരി നഗരസഭയിലെ കുമരനെല്ലൂർ ഐ എച്ച് ഡി പി കോളനി, തോളൂർ പഞ്ചായത്തിലെ പോന്നോർ ഐ എച്ച് ഡി പി കോളനി എന്നിവയുടെ വികസനത്തിനാണ് അംബേദ്‌കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചത്.
രണ്ട് കോളനികളിലും ഓരോ കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുക. സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന കോളനികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനാവശ്യമായ പദ്ധതികളാണ് കോളനികളിൽ ആവിഷ്‌കരിക്കുന്നത്. കോളനികളുടെ വികസന പ്രവർത്തനത്തിനുള്ള നിർമ്മാണ ചുമതല ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ്.
കോളനികളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുക, കാലപ്പഴക്കം ചെന്ന വീടുകൾ റിപ്പയറിങ് നടത്തുക, നടപ്പാത നിർമ്മിക്കുക, തൊഴിൽ പരിശീലന കേന്ദ്രം സ്ഥാപിക്കുക, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുക, കമ്മ്യൂണിറ്റി സെന്റർ വിപുലീകണം, കോളനികളുടെ റോഡുകൾ വികസിപ്പിക്കുക എന്നിവ പദ്ധതി പ്രകാരം നടപ്പിലാക്കും. സമയബന്ധിതമായി പദ്ധതിയുടെ പ്രവർത്തനം പൂർത്തീകരിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.

