‘തെളിനീരൊഴുകും നവകേരളം’ പ്രചാരണ ഉദ്ഘാടനം മാർച്ച് 22ന്

തെളിനീരൊഴുകും നവകേരളം പരിപാടിയുടെ പ്രചാരണ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗേവിന്ദൻ മാസ്റ്റർ നിർവഹിക്കും. മാർച്ച് 22ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റ് അനെക്‌സ് 2ലെ ശ്രുതി കോൺഫറൻസ് ഹാളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നവകേരളം കർമപദ്ധതി കോർഡിനേറ്റർ ഡോ. ടി.എൻ. സീമ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ എല്ലാ ജലസ്രേതസുകളെയും മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനും വൃത്തിയോടെ നിലനിർത്തുന്നതിനുമായാണ് ‘തെളിനീരൊഴുകും നവകേരളം’ എന്ന പേരിൽ ബൃഹത് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. മാർച്ച് 22 ലോക ജലദിനത്തിൽ പൊതുജനപങ്കാളിത്തത്തോടെ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മേൽനോട്ടത്തിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും പങ്കാളിത്തത്തോടെ, വിവിധ വകുപ്പുകളുടെ സഹകരണത്തിലാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

വീടുകളിലും സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും മലിന ജല സംസ്‌ക്കരണത്തിനും കക്കൂസ് മാലിന്യ നിർമാർജനത്തിനും ഖരമാലിന്യ സംസ്‌ക്കരണത്തിനും ശാസ്ത്രീയ സംവിധാനങ്ങളൊരുക്കി ജലസ്രോതസുകളിലേക്കുള്ള മാലിന്യ നിക്ഷേപം ഇല്ലാതാക്കി ജലശുചിത്വത്തിൽ സുസ്ഥിരത കൈവരിക്കുക, അതിലൂടെ ഖര-ദ്രവ മാലിന്യ പരിപാലനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമ്പൂർണ്ണ ശുചിത്വ പദവിയിലെത്തിക്കുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പരിധിയിലെ ജലസ്രോതസ്സുകളിലെ മലിനീകരിക്കപ്പെട്ട ഇടങ്ങൾ കണ്ടെത്തുക, മലിനീകാരികളായ ഉറവിടങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുക, ജന പങ്കാളിത്തത്തോടെ ഇവ നീക്കം ചെയ്ത് ശാസ്ത്രീയ ദ്രവമാലിന്യ സംസ്‌ക്കരണ പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുക, സമ്പൂർണ ജലശുചീകരണ യജ്ഞത്തിലൂടെ ജലസ്രോതസുകളുടെ വൃത്തിയും ശുചിത്വവും നിലനിർത്തുക, വാതിൽപ്പടി പാഴ് വസ്തു ശേഖരണം കാര്യക്ഷമമാക്കിയും ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങൾ എല്ലാ തലങ്ങളിലൊരുക്കിയും ജലസ്രോതസുകളിലേക്ക് മാലിന്യം എത്തുന്നത് തടയുക. ജലസ്രോതസുകളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കുക, തീവ്ര വിവര-വിജ്ഞാന-വ്യാപന ക്യാമ്പയിനിലൂടെ ‘ജലസ്രോതസുകൾ നമ്മുടേതാണ് അത് മാലിന്യ മുക്തമാക്കി സംരക്ഷിക്കേണ്ടതു നമ്മുടെ ഉത്തരവാദിത്താണ്’ എന്ന സന്ദേശം പൊതുജന മധ്യത്തിലെത്തിക്കുക എന്നിവയാണ് ക്യാമ്പയിനിന്റെ ഭാഗമായ പ്രവർത്തനങ്ങൾ.

ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.ടി. ബാലഭാസ്‌കരൻ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ കില ഡയറക്ടർ ജോയ് ഇളമൺ ലോഗോ പ്രകാശനവും എം.ജി.എൻ.ആർ.ഇ.ജി.എസ് ഡയറക്ടർ അബ്ദുൾ നാസർ ബ്രോഷർ പ്രകാശനവും നിർവഹിക്കും. പട്ടം ജി.എച്ച്.എസ്.എസിലെ വിദ്യാർഥിനി അതീത സുധീർ മാസ്‌കോട്ട് പ്രകാശനം നിർവഹിക്കും. പഞ്ചായത്ത് വകുപ്പ് ജോയിന്റെ ഡയറക്ടർ ജ്യോത്സന മോൾ നന്ദി അറിയിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →