ഓട്ടോ ഡ്രൈവറെ മണ്ണുമാഫിയ മർദ്ദിച്ചതായി പരാതി: കുമളിക്കടുത്ത് വൻതോതിൽ മണ്ണെടുപ്പ നടക്കുന്നുണ്ടെങ്കിലും റവന്യൂ പോലീസ് അധികൃതർ ഒത്താശ ചെയ്യുകയാണെന്നും പരാതി

ഇടുക്കി: കുമളിക്ക് സമീപം മുരിക്കടിയിൽ മണ്ണു മാഫിയ ഓട്ടോഡ്രൈവറെ രാത്രിയിൽ വീട്ടിൽ നിന്നും വിളിച്ചിറക്കി മർദ്ദിച്ചെന്ന് പരാതി. കോൺക്രീറ്റ് റോഡിലൂടെ ഹിറ്റാച്ചി ഓടിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണം. പരുക്കേറ്റ മുരിക്കടി സ്വദേശി റോബിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുരിക്കടി എസ് വളവിലാണ് സംഭവം. ഇവിടെ രണ്ടിടങ്ങളിൽ നിന്നും ആഴ്ചകളായി കുന്നിടിച്ച് മണ്ണെടുത്ത് വിൽപ്പന നടത്തുന്നുണ്ടായിരുന്നു. വീട് വയ്ക്കാനെന്ന പേരിൽ അനുമതി വാങ്ങിയായിരുന്നു വൻതോതിലുള്ള മണ്ണെടുപ്പ്.

ഇതിനായി എത്തിച്ച ഹിറ്റാച്ചികളിലൊന്ന് രാത്രിയിൽ ജനവാസ മേഖലയിലെ കോൺക്രീറ്റ് റോഡിലൂടെ ഓടിച്ചു കൊണ്ടു വന്നു. വീടിനു സമീപത്ത് എത്തിയപ്പോൾ റോബിൻ ഇത് തടഞ്ഞതിനെ തുടർന്ന് തർക്കമായി. ഇതിനിടെ മണ്ണുമാഫിയ യിൽ പെട്ടവർ റോബിനെ മർദ്ദിച്ചു. തുടർന്ന് പോലീസെത്തി ഇരു കൂട്ടരെയും പറഞ്ഞു വിട്ടു. തുടർന്ന് രാത്രി രണ്ടു മണിയോടെ ഒരു സംഘമെത്തി വീട്ടിൽ നിന്നും വിളിച്ചിറക്കി മർദ്ദിക്കുകയായിരുന്നു എന്നാണ് റോബിനും വീട്ടുകാരും പറയുന്നത്.

നാട്ടുകാർ ഓടിക്കൂടിയപ്പോൾ രക്ഷപെടുന്നതിനിടെ അക്രമികൾ എത്തിയ കാർ കുഴിയിലേക്ക് മറിഞ്ഞു. അടിയേറ്റ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ വീണ്ടും ആക്രമണമുണ്ടായി. സംഭവമറിഞ്ഞിട്ടും നടപടിയെടുക്കുന്നതിൽ പോലീസ് വീഴ്ച വരുത്തിയെന്നും പരാതിയുണ്ട്. കുമളിക്കടുത്ത് പലഭാഗത്തായി ഇത്തരത്തിൽ രാപകൽ ഭേദമെന്യേ വൻതോതിൽ മണ്ണെടുപ്പ് നടക്കുന്നുണ്ടെങ്കിലും റവന്യൂ പോലീസ് അധികൃതർ നടപടി എടുക്കാതെ മണ്ണുമാഫിയക്ക് ഒത്താശ ചെയ്യുകയാണെന്നും പരാതിയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →