കോഴിക്കോട്: പുനര്‍ജ്ജനി 2022 ക്യാമ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു

പുനര്‍ജ്ജനി 2022 ന്റെ ഭാഗമായി കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നടക്കുന്ന ത്രിദിന ക്യാമ്പ് തുറമുഖ-മ്യൂസിയം വകുപ്പ്  മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. അറ്റകുറ്റപ്പണികള്‍ വൈകുന്നതിനാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതപ്പെടുന്ന സ്ഥിതി ഇല്ലാതാക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്‍ രൂപകല്പന ചെയ്ത പദ്ധതിയാണ് പുനര്‍ജ്ജനി.

യുവത്വത്തിന്റെ ഊര്‍ജ്ജവും ആര്‍ജ്ജവവും സമൂഹ സേവനത്തിനായി എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന എന്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാതെ നടത്തുന്ന സേവനം മഹത്തരമാണ്. രാഷ്ട്രപുനര്‍നിര്‍മാണ പ്രക്രിയയില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനമാണ് എന്‍എസ്എസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്‍ എസ് എസ് കോഴിക്കോട് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഇ. അജി സ്വാഗതം പറഞ്ഞു. എഡബ്ല്യൂഎച്ച് പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പല്‍ വിവേക് പി ജോണ്‍ അധ്യക്ഷത വഹിച്ചു. കോട്ടപ്പറമ്പ് ആശുപത്രി സൂപ്രണ്ട് ഡോ. സുജാത മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ബാസ്, ആര്‍എംഒ ഡോ. പി. എസ്. ദിവ്യ, ഡോ. മോഹന്‍ദാസ്, എന്‍എസ്എസ്. ടെക് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.എം. സാദിഖ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ക്വാളിറ്റി ഓഫീസര്‍ ഡോ. സി. കെ. അഫ്‌സല്‍ നന്ദി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →