കീവ് : തലസ്ഥാനമായ കീവ് ലക്ഷ്യമിട്ട് റഷ്യന്‍സൈന്യം ആക്രമണം കടുപ്പിച്ചതോടെ പൗരന്മാരോടും പോരാട്ടത്തിനിറങ്ങാന്‍ ആഹ്വാനവുമായി യുക്രൈന്‍. 18,000ത്തോളം തോക്കുകള്‍ നാട്ടുകാര്‍ക്ക് വിതരണം ചെയ്തതായി യുക്രൈന്‍ പ്രതിരോധമന്ത്രി ഒലെക്‌സി റെസ്‌നികോവ് അറിയിച്ചു.
നേരത്തെ 60 വയസിനു മുകളിലുള്ളവരോട് യുദ്ധത്തിനിറങ്ങാനായിരുന്നു യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ എല്ലാവരോടും രാജ്യത്തെ കാക്കാന്‍ ഇറങ്ങണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് സെലന്‍സ്‌കി. ഇതോടൊപ്പം, 18 മുതല്‍ 60 വയസുവരെ പ്രായമുള്ളവര്‍ രാജ്യംവിടുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ അത്യാധുനിക ആയുധങ്ങള്‍ രാജ്യത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും എല്ലാവര്‍ക്കും ആയുധം ലഭ്യമാക്കുമെന്നും പ്രതിരോധ മന്ത്രി അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം വീടുകളില്‍ പെട്രോള്‍ ബോംബുകള്‍ നിര്‍മിക്കാനും പ്രതിരോധ മന്ത്രാലയം പൗരന്മാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. കിയവിന് തൊട്ടടുത്തുള്ള വടക്കന്‍ ജില്ലയായ ഒബലോണില്‍ റഷ്യന്‍നീക്കം അറിയിക്കാന്‍ പൗരന്മാരോട് നിര്‍ദേശവും നല്‍കി.

