ആലപ്പുഴ: ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത 35 ഹെക്ടര്‍ ഭൂമിയുടെ രേഖകള്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറി. ആലപ്പുഴ കെ.ടി.ഡി.സി ഹാളിൽ നടന്ന ചടങ്ങില്‍ എന്‍.എച്ച്.എ.ഐ പ്രൊജക്റ്റ് ഡയറക്ടര്‍ പി. പ്രദീപ് രേഖകള്‍ ഏറ്റുവാങ്ങി.
ദേശീയപാത വികസനത്തിനായി ഒന്നാം പാക്കേജില്‍ തുറവൂര്‍ മുതല്‍ പറവൂര്‍ വരെ 3311 പേരില്‍ നിന്നും 38.63 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതില്‍ 37 ഹെക്ടറിന്റെ ത്രീഡി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഏറ്റെടുത്ത 35 ഹെക്ടര്‍ ഭൂമിയില്‍ 17.76 ഹെക്ടര്‍ ഭുമിക്കുള്ള നഷ്ടപരിഹാര തുകയായ 559.76 കോടി രൂപ 1526 പേര്‍ക്ക് ഇതിനോടകം വിതരണം ചെയ്തു. ശേഷിക്കുന്നവര്‍ക്ക് തുക നല്‍കുന്ന നടപടികള്‍ പുരോഗമിക്കുന്നു.
ചടങ്ങില്‍ എന്‍.എച്ച്.എ.ഐ ടെക്‌നിക്കല്‍ മാനേജര്‍ അഭിഷേക് തോമസ് വര്‍ഗീസ്, ആലപ്പുഴ എന്‍.എച്ച് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോണ്‍ കെന്നത്ത്, ഡെപ്യൂട്ടി കളക്ടര്‍ എന്‍. ബീന, അമ്പലപ്പുഴ തഹസില്‍ദാര്‍ സജീവ് കുമാര്‍, എന്‍.എച്ച്.എ.ഐ ആലപ്പുഴ ലൈസണ്‍ ഓഫീസര്‍മാരായ പി. സലിം, രാജപ്പന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.
സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ക്കുള്ള യാത്രയയപ്പും മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം നേടിയതിനുള്ള അനുമോദനവും ഇതോടനുബന്ധിച്ചു നടന്നു.