ക്യാച്ച് കൈവിട്ടത്തിനു സഹതാരത്തിന്റെ കരണത്തടിച്ച പാകിസ്താന്‍ ക്രിക്കറ്റ് താരം

കറാച്ചി: ക്യാച്ച് കൈവിട്ടത്തിനു സഹതാരത്തിന്റെ കരണത്തടിച്ച പാകിസ്താന്‍ ക്രിക്കറ്റ് താരം ഹാരിസ് റൗഫ് വിവാദച്ചുഴിയില്‍. തിങ്കളാഴ്ച പാകിസ്താന്‍ സൂപ്പര്‍ ലീഗി (പി.എസ്.എല്‍) ല്‍ പെഷാവര്‍ സാല്‍മി- ലഹോര്‍ ക്വാലന്‍ഡേഴ്സ് മത്സരത്തിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍.

സാല്‍മിക്കെതിരേ ക്വാലന്‍ഡേഴ്സിന്റെ രണ്ടാം ഓവര്‍ എറിഞ്ഞതു ഹാരിസ് റൗഫായിരുന്നു. രണ്ടാം പന്തില്‍ സാല്‍മി ഓപ്പണര്‍ അഫ്ഗാന്‍ താരം ഹസ്റത്തുള്ള സസായിയെ കമ്രാന്‍ ഗുലാം കൈവിട്ടു. എന്നാല്‍ അഞ്ചാം പന്തില്‍ നസ്രായിയുടെ സഹ ഓപ്പണര്‍ മുഹമ്മദ് ഹാരിസ് ഹുക്ക് ചെയ്ത പന്ത് അതിര്‍ത്തിക്കരികെ ഫവാദ് മുഹമ്മദ് ക്യാച്ചെടുത്തു. വിക്കറ്റ് വീഴ്ച ആഘോഷിച്ച് റൗഫിനെ അഭിനന്ദിക്കാന്‍ ഗുലാമുമെത്തി. എന്നാല്‍ റൗഫിന്റെ പ്രതികരണം അത്ര സുഖകരമായിരുന്നില്ല. ഗുലാമിന്റെ അഭിനന്ദനം സ്വീകരിച്ചെങ്കിലും നേരത്തേ ക്യാച്ച് പാഴാക്കിയതിനു രോഷപ്രകടനമെന്നോണം റൗഫ് കരണത്തടിച്ച് തള്ളിമാറ്റുകയായിരുന്നു.

പാക് ടീമില്‍ സഹതാരങ്ങളായ മുഹമ്മദ് ഹഫീസിന്റെയും ഷഹീന്‍ഷാ അഫ്രീദിയുടെയും സാന്നിധ്യത്തിലായിരുന്നു റൗഫിന്റെ രോഷപ്രകടനം. ഗുലാമാകട്ടെ പുഞ്ചിരിയോടെ മനസാന്നിധ്യം കൈവിടാതെ സഹതാരങ്ങളുമായി ആഹ്ളാദം പങ്കിട്ടു.സംഘര്‍ഷാന്തരീക്ഷത്തിലും റൗഫുമൊത്ത് സൗഹൃദനിമിഷങ്ങള്‍ പങ്കിടാന്‍ ഗുലാം തയാറായത് സംഭവത്തിന്റെ തീവ്രത കുറച്ചു. എന്നാല്‍, ക്രിക്കറ്റ് ലോകം റൗഫിന്റെ പ്രവൃത്തിയെ ഗൗരവത്തോടെയാണു വീക്ഷിച്ചത്. റൗഫ് പരസ്യമായി മാപ്പു പറയണമെന്നാണ് താരങ്ങളും ആരാധകരും അടക്കമുള്ളവരുടെ ആവശ്യം. സൂപ്പര്‍ ഓവറിലേക്കു നീണ്ട മത്സരം തോറ്റെങ്കിലും പെഷാവര്‍ സാല്‍മിക്കൊപ്പം ക്വാലന്‍ഡേഴ്സ് ആദ്യനാലിലേക്കു മുന്നേറി ക്വാളിഫയറിനു യോഗ്യതനേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →