ദീപുവിന്റെ കൊലപാതകം; മരണകാരണം തലക്കേറ്റ അടിയെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

കൊച്ചി: കഴിക്കമ്പലത്തെ ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ട്.

ദീപുവിന്റെ തലയിൽ രക്തം കട്ടപിടിച്ചിരുന്നു. തലയോട്ടിയിൽ രണ്ടിടത്ത് ക്ഷതമേറ്റിട്ടുണ്ടായിരുന്നു. ബ്രെയിൻ ഡെത്ത് നേരത്തെ തന്നെ സംഭവിച്ചിരുന്നുവെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കരൾ രോഗം മൂർഛിച്ചതും ദീപുവിന്റെ ആരോഗ്യനില വഷളാക്കി.

ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതോടെ മരണം സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം സംസ്കരിച്ചു. കാക്കനാട് അത്താണിയിലെ പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം. മൃതദേഹം വീട്ടിലും കിഴക്കമ്പലത്തും പൊതുദർശനത്തിന് വെച്ചിരുന്നു

കൊലപാതകം രാഷ്ട്രീയപ്രേരിതമെന്നാണ് എഫ് ഐ ആർ. പ്രതികൾ സി പി എം പ്രവർത്തകരാണെന്നും എഫ് ഐ ആർ വ്യക്തമാക്കുന്നു. ദീപുവിനെ മർദിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയാണെന്ന് എഫ് ഐ ആർ വ്യക്തമാക്കുന്നു.

ട്വന്റി ട്വന്റി പ്രവർത്തകനായതിന്റെ രാഷ്ട്രീയ വിരോധമാണ് അതിന് കാരണം. ദീപുവിനെ സിപിഎം പ്രവർത്തകരായ പ്രതികൾ പലതവണ മർദ്ദിച്ചെന്നും കൊല്ലുമെന്ന് ഭീഷണി പെടുത്തിയെന്നും എഫ്‌ഐആർ വ്യക്തമാക്കുന്നു. കേസിൽ നാല് പ്രതികൾക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ചേലക്കുളം സ്വദേശികളായ സൈനുദ്ദീൻ, ബഷീർ, അബ്ദുൽ റഹ്‌മാൻ, അസീസ് എന്നിവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. ദീപുവിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →