എറണാകുളം: കൃഷി അടിസ്ഥാനമായ പ്രദേശമെന്ന നിലയില്‍ കാര്‍ഷിക മേഖലയ്ക്ക് പ്രാമുഖ്യം നല്‍കിയുള്ള വികസനമാണ് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ പദ്ധതികള്‍ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കി നാടിന്റെ സമഗ്ര പുരോഗതിക്ക് വഴിയൊരുക്കുന്ന പ്രവര്‍ത്തനങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് കാഴ്ച്ചവയ്ക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതികളെക്കുറിച്ചും വികസന കാഴ്ചപ്പാടുകളെക്കുറിച്ചും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രദീഷ് സംസാരിക്കുന്നു.
ശക്തമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമയബന്ധിതമായും ഫലപ്രദമായും ആരോഗ്യകേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി 60 ലക്ഷം രൂപ വകയിരുത്തി. 50 കിടക്കകളോടുകൂടിയ ഡോമിസിലിയറി കെയര്‍ സെന്റര്‍, പുത്തന്‍വേലിക്കര ഹെല്‍ത്ത് സെന്ററിനോട് ചേര്‍ന്ന് സി എഫ് എല്‍ ടി സി എന്നിവ കോവിഡ് രൂക്ഷമായ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. കോവിഡ് പരിശോധനാ സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റ്, ബ്ലോക്കിന്റെ നേതൃത്വത്തില്‍ സജ്ജമാക്കിയിരുന്നു. കോവിഡ് ബാധിതരുടെ മാനസികാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ‘തൂവല്‍ സ്പര്‍ശം’ എന്ന പേരില്‍ സ്വകാര്യ സംഘടനയുമായ് ചേര്‍ന്ന് ടെലികൗണ്‍സിലിംഗ് നടത്തി. പ്രദേശത്തെ കലാകാരന്‍മാരെ പങ്കെടുപ്പിച്ച് വിവിധ കലകളിലൂടെ പൊതുഇടങ്ങളില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കോവിഡ് പോസിറ്റീവ് ആയവരെ ഉള്‍പ്പെടുത്തി ഓണ്‍ലൈനായി സാന്ത്വനോത്സവം എന്ന പേരില്‍ കലാപരിപാടി സംഘടിപ്പിച്ചു.
കരുത്തോടെ വിദ്യാഭ്യാസ മേഖല
കോവിഡിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിച്ച ഘട്ടത്തില്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ ശേഖരിക്കുന്നതിനായി പുസ്തക സഞ്ചി എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ പഠനരീതിയും മൊബൈലിന്റെ ഉപയോഗവും കുട്ടികളില്‍ മാറ്റമുണ്ടാക്കിയ സാഹചര്യത്തില്‍, കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള കുട്ടികളെയും അധ്യാപകരെയും മാതാപിതാക്കളെയും ഉള്‍പ്പെടുത്തിയാണ് ‘ഉത്കണ്ഠയില്ലാത്ത കുട്ടികളും ആശങ്ക ഒഴിഞ്ഞ മാതാപിതാക്കളും’എന്ന പരിപാടി സംഘടിപ്പിച്ചത്. വിദ്യാലയങ്ങള്‍ വനിതാ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകളും വിതരണം ചെയ്തു.
അങ്കണവാടികള്‍ സ്മാര്‍ട്ടാകാനൊരുങ്ങുന്നു
ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ടുവയ്ക്കുന്ന നൂതന പദ്ധതികളില്‍ ഒന്നാണ് ‘സ്മാര്‍ട്ട് അങ്കണവാടി’ പദ്ധതി. 10 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. പദ്ധതിക്കായി ആദ്യഘട്ടത്തില്‍ അഞ്ച് അങ്കണവാടികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെയും അങ്കണവാടികളെ ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം.
ലൈഫ് ഭവന നിര്‍മ്മാണം
ലൈഫ് ഭവനപദ്ധതി കാര്യക്ഷമമായി ബ്ലോക്ക് പരിധിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ബ്ലോക്കിലെ വിഹിതമായി 35 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. പിഎംഎവൈ പദ്ധതി വഴി 53 കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്നു. ഇതിനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി നടപടികള്‍ പുരോഗമിക്കുകയാണ്. 14 ലക്ഷം രൂപയാണ് പദ്ധതിക്കായി ഈ വര്‍ഷം വകയിരുത്തിയിരിക്കുന്നത്.
ജനപങ്കാളിത്തത്തോടെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍
ജനപങ്കാളിത്തത്തോടെ ജലസ്രോതസുകളുടെയും തോടുകളുടെയും നവീകരണവും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ചിറയ്ക്കല്‍ മഹാദേവ ക്ഷേത്രത്തിന്റെ പരിധിയിലുള്ള, 25 വര്‍ഷത്തോളം ഉപയോഗശൂന്യമായിക്കിടന്ന ‘മാടവന ചിറ’ ജനപങ്കാളിത്തത്തോടെ ശുചീകരിച്ച് ഉപയോഗപ്രദമാക്കി മാറ്റി. തൊഴിലുറപ്പ് പദ്ധതി വഴിയും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
മാലിന്യസംസ്‌കരണം ഊര്‍ജിതം
പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളുടെ കീഴിലും ഹരിതകര്‍മസേനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജൈവ മാലിന്യ സംസ്‌കരണത്തിന് ബ്ലോക്ക് പഞ്ചായത്തില്‍ തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ കമ്പോസ്റ്റ് നടപ്പിലാക്കി. പുത്തന്‍വേലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍ പ്രൊമോഷന്‍ കൗണ്‍സില്‍ സ്ഥാപനത്തിലും തുമ്പൂര്‍മുഴി മോഡല്‍ ജൈവ കമ്പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്.
പരമ്പരാഗത വിളകളുടെ സംരക്ഷണം ലക്ഷ്യമാക്കി
‘പാറക്കടവ് കൃഷി ഗ്രാമം പദ്ധതി’
ജൈവകൃഷി പ്രോത്സാഹനം ശാസ്ത്രീയമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കാന്‍ പോകുന്ന പദ്ധതിയാണ് ‘പാറക്കടവ് കൃഷി ഗ്രാമം’. പദ്ധതിയുടെ ഭാഗമായി നഴ്‌സറി, ജൈവവള നിര്‍മ്മാണ യൂണിറ്റ്, പരമ്പരാഗത വിളകള്‍ അടങ്ങിയതും ശാസ്ത്രീയമായതുമായ മാതൃകാ കൃഷിത്തോട്ടങ്ങള്‍ എന്നിവ നിര്‍മ്മിക്കും. മഴമറകള്‍ നിര്‍മ്മിക്കും. അന്യം നിന്നുപോകുന്ന പരമ്പരാ?ഗത വിളകളുടെ സംരക്ഷണമാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. ഭാരതീയ പ്രകൃതികൃഷി മികച്ച രീതിയില്‍ ബ്ലോക്ക് പരിധിയില്‍ നടപ്പിലാക്കുന്നുണ്ട്. പദ്ധതി വഴി 500 ഹെക്ടറില്‍ കൃഷിയൊരുക്കി.
ലക്ഷ്യം തരിശുരഹിത പാറക്കടവ്
ബ്ലോക്ക് പ്രദേശങ്ങളില്‍ കൃഷി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് വരുന്നു. നെല്‍ കര്‍ഷകര്‍ക്കും പച്ചക്കറി കര്‍ഷകര്‍ക്കും സബ്‌സിഡി നല്‍കുന്നു. കൃഷിയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി വനിതാ കര്‍ഷകര്‍ക്കും സബ്‌സിഡി നല്‍കുന്നുണ്ട്. 25 ലക്ഷം രൂപയാണ് സബ്സിഡി ഇനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്.
പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യം
പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടുക എന്നതാണ് ബ്ലോക്ക് പഞ്ചായത്തിന്റെ മറ്റൊരു ലക്ഷ്യം. ക്ഷീരകര്‍ഷകര്‍ക്ക് പാല്‍, കാലിത്തീറ്റ ഇനത്തില്‍ സബ്‌സിഡികള്‍ നല്‍കുന്നുണ്ട്. ക്ഷീരകര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പട്ടികജാതി വിഭാഗങ്ങളിലെ കര്‍ഷകര്‍ക്ക് സുഭിക്ഷ കേരളം പദ്ധതി വഴി രണ്ട് കറവപ്പശുക്കളെ വീതം നല്‍കുന്നു. പ്രദേശത്താകെ ആയിരം പശുക്കളെ വിതരണം ചെയ്യുകയാണ് ലക്ഷ്യം.
തൊഴിലുറപ്പിലൂടെ ആസ്തി വികസനം
തൊഴിലാളികള്‍ക്ക് തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുക എന്നതില്‍ മാത്രം ഒതുങ്ങാതെ, സാമൂഹിക ആസ്തി വികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് തൊഴിലുറപ്പ് പദ്ധതി വഴി ബ്ലോക്ക് പ്രദേശത്ത് നടന്നുവരുന്നത്. വിദ്യാലയങ്ങളിലെ ഊട്ടുപുര നിര്‍മ്മാണം, കിണര്‍ റീചാര്‍ജിങ്, തൊഴുത്ത് നിര്‍മ്മാണം, നടപ്പാത നിര്‍മ്മാണം, നീര്‍ച്ചാലുകളുടെ നവീകരണം, കൃഷി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. നവീകരിച്ച നീര്‍ച്ചാലുകളുടെ വശങ്ങള്‍ സംരക്ഷിക്കുന്നതിന് പി എം കെ എസ് വൈ പദ്ധതി വഴി കയര്‍ ഭൂവസ്ത്രം വിരിക്കാനുള്ള പ്രവര്‍ത്തനം, തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നു. ഇതിനായി ബ്ലോക്കിന്റെ നേതൃത്വത്തില്‍ ശില്പശാലകള്‍ സംഘടിപ്പിച്ചു.
നൈപുണ്യ വികസനത്തിന് സാമൂഹിക പഠനകേന്ദ്രം
പട്ടികജാതി പട്ടികവര്‍?ഗ വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ ജോലി ലഭിക്കാനും ഭാഷാ നൈപുണ്യം വര്‍ധിപ്പിക്കാനും അഭിമുഖ പരീക്ഷയിലെ അന്തര്‍മുഖത്വം മാറ്റാനുമായി സാമൂഹിക പഠനകേന്ദ്രം ആരംഭിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നു. കോവിഡ് സാഹചര്യം മാറുന്ന മുറയ്ക്ക് പദ്ധതിയുമായി മുന്നോട്ടുപോകും. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി പദ്ധതിക്കായി 36 ലക്ഷം രൂപ ബ്ലോക്ക് വകയിരുത്തിയിട്ടുണ്ട്. സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 18 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
തൊഴില്‍ മേഖലയില്‍ കൂടുതല്‍ സാധ്യത
ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ കണ്ടെത്തുന്നതിന് വനിതാ സംരംഭക ഗ്രൂപ്പുകള്‍ക്ക് 85 ശതമാനം സബ്‌സിഡി നല്‍കുന്നു. പൊതുവിഭാഗം ഗ്രൂപ്പുകള്‍ക്ക് 11 ലക്ഷവും പട്ടികജാതി വിഭാഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയുമാണ് നല്‍കുന്നത്. ഇവര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കി വരുന്നു. ഈ ഇനത്തില്‍ 71 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.
‘അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി’ എന്ന സംരംഭമാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്ന മറ്റൊരു പദ്ധതി. സീസണല്‍ വിളകളായ ചക്ക, മാങ്ങ, കപ്പ തുടങ്ങിയവ സാംസ്‌കരിച്ച് വിപണനം ചെയ്യുകയാണ് ലക്ഷ്യം. കാര്‍ഷികമേഖലയുടെ വികസനവും കൂടുതല്‍ തൊഴില്‍ സാധ്യതയും പദ്ധതിവഴി ഒരുക്കും.
സമഗ്ര വികസനത്തിനായി കൂടുതല്‍ പദ്ധതികള്‍ ലക്ഷ്യം
തൊഴില്‍ മേഖലയെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള കൂടുതല്‍ പദ്ധതികള്‍ ഭരണസമിതി ആവിഷ്‌കരിക്കും. വനിതാ ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. ജനങ്ങളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് സൗജന്യമായി ചികിത്സ ലഭിക്കുന്ന മാനസികാരോഗ്യ ക്ലിനിക്ക് പ്രാവര്‍ത്തികമാക്കും. തരിശുനിലങ്ങള്‍ ഏറ്റെടുത്ത് കൃഷി വ്യാപിപ്പിക്കും. ജനപങ്കാളിത്തത്തോടെ ജലസ്രോതസുകളുടെ സംരക്ഷണവും പുനരുദ്ധാരണവും നടപ്പിലാക്കും.