ഇ.ഒ.എസിന് ഒപ്പം ഇന്‍സ്പെയറും ഭ്രമണപഥത്തില്‍

ശ്രീഹരിക്കോട്ട (ആന്ധ്രാപ്രദേശ്): ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-04 ഉള്‍പ്പെടെ മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടന (ഐ.എസ്.ആര്‍.ഒ). ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശക്രേന്ദത്തില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ 5.59-നാണ് ഉപഗ്രഹങ്ങള്‍ വഹിച്ച് പി.എസ്.എല്‍.വി സി-52 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഉപഗ്രഹങ്ങള്‍ 6.17-ന് 529 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു. ഈവര്‍ഷം ഐ.എസ്.ആര്‍.ഒയുടെ ആദ്യദൗത്യമാണിത്. ഇന്‍സ്പയര്‍ സാറ്റ്-1, ഐ.എന്‍.എസ്-2 ടി.ഡി. എന്നീ ചെറു ഉപഗ്രഹങ്ങളാണ് ഇ.ഒ.എസ്-04 ന് ഒപ്പം വിക്ഷേപിച്ചത്. കൃഷി, വനവത്കരണം, തോട്ടങ്ങള്‍, മണ്ണിന്റെ ഈര്‍പ്പം, ജലസേചനം, പ്രളയഭൂപടം എന്നിവയ്ക്ക് ഉപയുക്തമായ ഉന്നതനിലവാരമുള്ള ചിത്രങ്ങള്‍ നല്‍കാന്‍ ശേഷിയുള്ളതാണ് ഇ.ഒ.എസ്-04. പത്തുവര്‍ഷമാണ് ആയുസ്. മലയാളിയായ എസ്. സോമനാഥ് ഐ.എസ്.ആര്‍.ഒ. ചെയര്‍മാനായശേഷമുള്ള ആദ്യദൗത്യംകൂടിയാണിത്. നേട്ടം െകെവരിച്ച ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കൊളറാഡോ സര്‍വകലാശാലയിലെ ലബോറട്ടറി ഓഫ് അറ്റ്മോസ്ഫെറിക് ആന്‍ഡ് സ്പേസ് ഫിസിക്സുമായി ചേര്‍ന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചതാണ് 8.1 കിലോഗ്രാം ഭാരമുള്ള ഇന്‍സ്പയര്‍ സാറ്റ്-1. അയണോസ്ഫിയര്‍ െഡെനാമിക്സ്, സൂര്യതാപം എന്നിവ സംബന്ധിച്ച പഠനമാണ് ഈ ഉപഗ്രഹത്തിന്റെ ഒരുവര്‍ഷം നീളുന്ന ദൗത്യം. ഇന്ത്യ-ഭൂട്ടാന്‍ സംയുക്തസംരംഭമായ ഐ.എന്‍.എസ്-2ബിയുടെ മുന്‍ഗാമിയാണ് ഐ.എസ്.ആര്‍.ഒയുടെ സൃഷ്ടിയായ ഐ.എന്‍.എസ്-2 ടി.ഡി. ഉപഗ്രഹം. ഭൗമ, ജലോപരിതല താപനില നിരീക്ഷിക്കാനുള്ള തെര്‍മല്‍ ഇമേജിങ് ക്യാമറയാണു ്രപത്യേകത. ഭാരം 17.5 കിലോഗ്രാം. ആയുസ് ആറുമാസം മാത്രം. കഴിഞ്ഞ ഓഗസ്റ്റില്‍ ഇ.ഒ.എസ്-3 ഉപഗ്രഹവും വഹിച്ചുള്ള ജി.എസ്.എല്‍.വി. റോക്കറ്റ് വിക്ഷേപണം സാങ്കേതികത്തകരാര്‍ മൂലം പരാജയപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →